കാൽ കിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ;പിടിയിലായത് കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച ക്രിമിനൽ…
കൊടകര : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ വ്യാജ മദ്യ-മയക്കുമരുന്ന് നിർമ്മാണത്തിനും വിതരണത്തിനുമെതിരായി നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ നെല്ലായി ആനന്ദപുരം ആലത്തൂർ കോശേരി വീട്ടിൽ മഹേഷ് (31 വയസ്) പിടിയിലായി. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ സീറ്റിനടിയിൽ നിർമ്മിച്ച പ്രത്യേക അറയിൽ നിന്നുമാണ് ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന നിലയിൽ ഇരുന്നൂറ്റമ്പത് ഗ്രാമോളം കഞ്ചാവ് പിടികൂടിയത്. ഫോണിൽ ആവശ്യപ്പെടുന്നവർക്ക് പ്രത്യേക സ്ഥലം നിർദ്ദേശിച്ച് അവിടെ എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതി.കഴിഞ്ഞ വർഷം ജൂൺ മാസം ആലത്തൂർ സ്വദേശിയായ യുവാവിനെ മഹേഷിന്റെ നേതൃത്വത്തിൽ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കഞ്ചാവ് മാഫിയക്കെതിരെ എക്സൈസിന് വിവരം നൽകി എന്നാരോപിച്ചായിരുന്നു ആക്രമണം .നിരപരാധിയായ യുവാവിനെ ആക്രമിച്ചു അപായപ്പെടുത്താൻ ശ്രമിച്ചതിനെതിരെ പ്രദേശവാസികളിൽ അമർഷം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിനെ തുടർന്ന് പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്ത മഹേഷും സംഘവും ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്. പോലീസ് ഇവരെ കർശനമായി നിരീക്ഷിച്ച് വന്നിരുന്നതിനാൽ കൊടകര പോലീസ് സ്റ്റേഷൻ പരിധി വിട്ട് ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചാണ് ലഹരി വിൽപന നടത്തിയിരുന്നത്. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയാണെന്ന വ്യാജേനയാണ് കഞ്ചാവിനായി പോലീസ് മഹേഷിനെ ബന്ധപ്പെട്ടത്. തുടർന്ന് കഞ്ചാവ് നൽകാൻ പുറപ്പെട്ട മഹേഷിനെ വഴി മദ്ധ്യേ പിടികൂടുകയായിരുന്നു.
ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരും കൊടകര സ്റ്റേഷനിലെ എസ്ഐമാരായ അനൂപ് പി.ജി., റാഫേൽ ടി.എ, എഎസ്ഐ റെജിമോൻ , സീനിയർ സിപിഒമാരായ ലിജോൺ എ.എ, ഷാജു ചാതേലി, വിപിൻ ലാൽ വി.വി എന്നിവരുമാണ് കഞ്ചാവ് പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.പിടിയിലായ മഹേഷിനെ വൈദ്യ പരിശോധനയും മറ്റും നടത്തി കോടതിയിൽ ഹാജരാക്കി.
പ്രത്യേക പരിശോധനയുടെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിലായി നിരവധി പേരാണ് വ്യാജ മദ്യ-മയക്കുമരുന്ന് നിർമ്മാണവും വിൽപനയുമായി ബന്ധപ്പെട്ട് പിടിയിലായത്.