ഐഎസ്എൽ ഫൈനൽ മൽസരം കാണുന്നതിനിടയിലുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച പട്ടേപ്പാടം, വെള്ളാങ്ങല്ലൂർ സ്വദേശികളായ ഒൻപത് പേർ അറസ്റ്റിൽ…
ഇരിങ്ങാലക്കുട: ഐഎസ്എൽ ഫുട്ബോൾ ഫൈനൽ മൽസരം കാണുന്നതിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച പട്ടേപ്പാടം, വെള്ളാങ്ങല്ലൂർ സ്വദേശികളായ ഒൻപത് പേർ അറസ്റ്റിൽ. പട്ടേപ്പാടം സ്വദേശികളായ പുളിപ്പറമ്പിൽ അൻസിൽ (25), കളത്തുപറമ്പിൽ ശ്രീനി ,(25), തെക്കുംകാട്ടിൽ പവൻ (20), പനങ്ങാട്ട് ആകർഷ് (22), കുരിയപ്പിള്ളി ഹുസൈൻ (22), രായം വീട്ടിൽ സാലിഹ് (22) മങ്കിടിയാൻ വീട്ടിൽ മിഥുൻ (22) വെള്ളാങ്ങല്ലൂർ വാഴക്കാമഠം സുൽഫിക്കർ (23) ,തുണ്ടത്തിൽപ്പറമ്പിൽ മുഹമ്മദ് ഷഹ്നാദ് (23) എന്നിവരെയാണ് ആളൂർ സി ഐ എം ബി സിബിൻ്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.മാർച്ച് 20 ന് വൈകീട്ട് ഒൻപതരയോടെയായിരുന്നു സംഭവം. പട്ടേപ്പാടം സെൻ്ററിൽ താഷ്കെൻറ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വലിയ സ്ക്രീനിൽ ഫൈനൽ മൽസരം പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ഹൈദരാബാദിന് ടീമിന് അനുകൂലമായി ജയ് വിളിച്ചുവെന്ന് ആരോപിച്ചാണ് പ്രതികൾ പട്ടേപ്പാടം കൈമാപറമ്പിൽ സുധീഷ് (45 ) നെ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്.എസ് ഐമാരായ കെ എസ് സുബിന്ത്, എം കെ ദാസൻ, ഇ ആർ സിജുമോൻ, പ്രദീപ്, എഐസ്ഐ ഷാജൻ, സിപിഒ അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.