ഇരിങ്ങാലക്കുട നഗരസഭക്ക് 89 കോടിയുടെ ബഡ്ജറ്റ്;ഭവന നിർമ്മാണത്തിന് 2 കോടി, ടൗൺ ഹാൾ കോംപ്ലക്സ് നിർമ്മാണത്തിന് 12 കോടി,ആരോഗ്യ പ്രവർത്തനങ്ങൾക്ക് 1 കോടി 25 ലക്ഷം, പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1 കോടി 41 ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾക്കായി 9 കോടി…
ഇരിങ്ങാലക്കുട: ഭവന നിർമ്മാണത്തിന് 2 കോടിയും ടൗൺ ഹാൾ കോംപ്ലക്സ് നിർമ്മാണത്തിന് 12 കോടിയും ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് ഒന്നേകാൽ കോടിയും മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്ക് 2 കോടി 10 ലക്ഷവും പട്ടികജാതി വികസന പ്രവർത്തനങ്ങൾക്ക് 2 കോടി 77 ലക്ഷവും വകയിരുത്തി നഗരസഭ ബഡ്ജറ്റ്. 89,33,43,932 രൂപ വരവും 87,03,80,064 രൂപ ചെലവും 2,29,63,868 രൂപ ബാലൻസും പ്രതീക്ഷിക്കുന്ന 2022-23 വർഷത്തെ ബഡ്ജറ്റാണ് വൈസ് – ചെയർമാൻ ടി വി ചാർലി അവതരിപ്പിച്ചത്.പിഎംഎവൈ -ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ നിർമാണത്തിനായിട്ടാണ് രണ്ട് കോടി വകയിരുത്തിരിക്കുന്നത്. ടൗൺ ഹാളിനോട് ചേർന്നുള്ള കോംപ്ലക്സ് പൂർണ്ണമായും പുതുക്കി പണിത് കച്ചവടക്കാരെ പുനരധിവസിപ്പിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനാണ് 12 കോടി ഉൾക്കൊള്ളിച്ചിരിക്കുന്നത്. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് 45 ലക്ഷവും വിദ്യാഭ്യാസം ,കല, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് 1 കോടി 10 ലക്ഷവും വനിതാ വികസന പ്രവർത്തനങ്ങൾക്ക് 60 ലക്ഷവും മാറ്റി വച്ചിട്ടുണ്ട്. മരുന്നുകൾ വാങ്ങുന്നത് ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് 1 കോടി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾക്കായി 9 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.ശുചിത്വം, മാലിന്യ സംസ്കക്കരണം എന്നീ ആവശ്യങ്ങൾക്കായി 2 കോടി 10 ലക്ഷവും അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കാൻ 75 ലക്ഷവും റോഡ് നിർമ്മാണം അടക്കമുള്ള പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1 കോടി 41 ലക്ഷവും ദാരിദ്ര്യ ലഘൂകരണത്തിനും ചേരി പരിഷ്ക്കരണത്തിനും 46 ലക്ഷവും സാമൂഹ്യനീതി ഉറപ്പാക്കുന്നതിന് 60 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. വൈസ് – ചെയർമാൻ ടി വി ചാർലി അവതരിപ്പിക്കുന്ന നാലാമത്തെ ബഡ്ജറ്റാണിത്. ബഡ്ജറ്റ് ചർച്ച നാളെ 11 മണിക്ക് നടക്കും.യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.