വെളളാങ്ങല്ലൂരിൽ നിന്ന് ഇരുചക്ര വാഹനം കവർന്ന മാപ്രാണം സ്വദേശിയായ മോഷ്ടാവ് അറസ്റ്റിൽ ..

വെളളാങ്ങല്ലൂരിൽ നിന്ന് ഇരുചക്ര വാഹനം കവർന്ന മാപ്രാണം സ്വദേശിയായ മോഷ്ടാവ് അറസ്റ്റിൽ ..

ഇരിങ്ങാലക്കുട :എട്ടു മാസം മുൻപ് വെള്ളാങ്ങല്ലൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസ്സിൽ മാപ്രാണം സ്വദേശി വിഷ്ണുവിനെ (23 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു . കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്.പി. സുധീരൻ അറസ്റ്റു ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. വെള്ളാങ്ങല്ലൂർ സ്വദേശിയായ മധ്യവയസ്കൻ പച്ചക്കറി വാങ്ങുവാൻ കടയിൽ കയറിയപ്പോൾ തന്റെ സ്കൂട്ടറിൽ നിന്ന് താക്കോൽ എടുക്കാൻ മറന്നു. ഈ സമയം അതു വഴി നടന്നു വരികയായിരുന്ന വിഷ്ണു സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു. മൂന്നാറിൽ പോയി വരികയായിരുന്ന ഇയാൾ ഇരിങ്ങാലക്കുടയിൽ കുറെ നേരം കറങ്ങി വെള്ളാങ്ങല്ലൂരിൽ ബസ്സിറങ്ങി ചുറ്റിനടക്കുന്നതിനിടെയാണ് താക്കോൽ ഊരിമാറ്റാത്ത നിലയിൽ സ്കൂട്ടർ കാണുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് ലഭിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് നവ മാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. ദൃശ്യങ്ങിലെ രൂപസാദ്യശ്യമുള്ള യുവാക്കളെ കേന്ദ്രീകരിച്ച് രഹസ്യമായി നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഇയാൾ പോലീസിന്റെ കയ്യിൽ പെടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. എസ്.ഐ. സി.എം. ക്ലീറ്റസ്, എ.എസ്.ഐ. കെ.എ. ജോയ് , മുഹമ്മദ് അഷറഫ്, സീനിയർ സി.പി. ഒ മാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി പി.ഒ മാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Please follow and like us: