ഇരിങ്ങാലക്കുടയില്‍ വന്‍ വ്യാജമദ്യവേട്ട;
വ്യാജ വിദേശ മദ്യം നിര്‍മിക്കുന്ന കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി; വീട്ടുടമസ്ഥനടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: നഗരമധ്യത്തില്‍ വ്യാജ വിദേശ മദ്യം നിര്‍മ്മിക്കുന്ന കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. വീട്ടുടമസ്ഥനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യസൂത്രധാരനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. വീടിന്റെ ഉടമസ്ഥനായ ഇരിങ്ങാലക്കുട കനകപറമ്പ് വീട്ടില്‍ രഘു(62), വാടകക്കാരനായ കൊടുങ്ങല്ലൂര്‍ ലോകമല്ലേശ്വരം സ്വദേശി വിനു(37) എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഒരാളെ പിടികൂടാനുണ്ട്. 585 ലിറ്റര്‍ വിദേശ മദ്യം, 60 ലിറ്റര്‍ വാഷ്, ഒരു കുപ്പി ഗ്ലിസറിന്‍, മൂന്ന് പ്ലാസ്റ്റിക് ടാങ്കുകള്‍, ലേബലുകള്‍, സീല്‍ ചെയ്യുന്നതിനുള്ള മെഷീന് എന്നിവയാണ് സംഘം വീട്ടില്‍ നിന്നും കണ്ടെത്തിയത്. കൂടാതെ പ്ലാസ്റ്റിക് ടാങ്കില്‍ കുറച്ചുമദ്യം വേറെയുണ്ടായിരുന്നു. 800 അര ലിറ്റര്‍ കുപ്പികളിലായി മദ്യം നിറച്ച നിലയിലായിരുന്നു. ലിറ്റര്‍ കണക്കിന് തേനും പാക്ക് ചെയ്യാനുള്ള ബോട്ടിലുകളും എക്സൈസ് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സൈസ്, ഇന്റലിജന്‍സ് വിഭാഗവും ഇരിങ്ങാലക്കുട എക്സൈസ് സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജമദ്യനിര്‍മാണ യൂണിറ്റ് കണ്ടെത്തിയത്. പാക്കിംഗ് സീലുകള്‍ നിര്‍മിച്ച് കുപ്പികളില്‍ പതിച്ചിട്ടുമുണ്ട്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വ്യാജമദ്യനിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. സീല്‍ പതിപ്പിക്കുന്നതിനും മിക്സിംഗ് നടത്തുന്നതിനും എല്ലാം പ്രത്യേക യന്ത്ര സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ മദ്യനിര്‍മാണത്തിനായി വ്യാജ ഐഎംഎഫ്എല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന കളര്‍ കൊടുക്കുന്ന കാരമെല്‍, വ്യാജ സ്റ്റിക്കറുകള്‍, ലേബലുകള്‍, തേന്‍ തുടങ്ങി കുറച്ച് സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വീടിനു മുന്നില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഒരുക്കിയിരിക്കുന്നതിനാല് നിരന്തരം ഇവിടെ വാഹനങ്ങള്‍ വന്നുപോകുന്നത് പ്രദേശവാസികള്‍ കാര്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇതിന്റെ മറവിലാണ് പ്രതികള്‍ വ്യാജമദ്യനിര്മാണത്തിനുവേണ്ട അസംസ്കൃത വസ്തുക്കള്‍ എത്തിച്ചിരുന്നത്. എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എസ്. മനോജ്കുമാര്‍, ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്പെക്ടര്‍ അനീഷ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എ. മണികണ്ഠന്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ്. ഷിബു, പി.എസ്. സുനില്‍കുമാര്‍, പി.ആര്. സുരേന്ദ്രന്, കെ.ആര്. രാമകൃഷ്ണന്, കെ.ജെ. ലോനപ്പന്, ഗ്രേഡ് ഓഫീസര്‍മാരായ കെ.കെ. വത്സന്, സി.വി. ജോഷി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജേന്ദ്രന്, ജോജോ, വനിതാ ഓഫീസര്‍ ജയശ്രീ എന്നിവരാണ് എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.