ഇനി ഒരു ജീവൻ കൂടി നിരത്തിൽ പൊലിയരുത്;
ബസ്സിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധമിരമ്പി;
ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളജിലെ ആയിരത്തോളം വിദ്യാർഥിനികൾ ബസ് സ്റ്റാൻഡ് ഉപരോധിച്ചു;ഒരു മണിക്കൂറോളം ബസുകൾ പുറത്തുവിട്ടില്ല;ഒടുവിൽ ബോധവത്കരണവും…മരണക്കളി ഇനി വേണ്ട…
ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ പ്രതിഷേധമുയർത്തി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളജിലെ രണ്ടായിരത്തോളം വിദ്യാർഥികൾ ഇന്നു രാവിലെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് ഉപരോധിച്ചു.
ഇന്നലെ രാവിലെ കോളജിലേക്കുള്ള യാത്രാമധ്യേയാണ് പിതാവിനൊപ്പം സ്കൂട്ടറിൽ വരുമ്പോൾ സെന്‍റ് ജോസഫ് കോളജിലെ വിദ്യാർഥിനി വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടിൽ ഡേവിസിന്‍റെ മകൾ ലയ(22) സ്വകാര്യ ബസിടിച്ച് മരിച്ചത്.
ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുയെന്ന മുദ്രാവാക്യമുയർത്തി കോളജിലെ രണ്ടായിരത്തോളം വിദ്യാർഥികൾ അധ്യാപകർക്കൊപ്പം രാവിലെ കോളജിൽ നിന്നും ഇരിങ്ങാലക്കുട നഗരത്തിലേക്കിറങ്ങിയതോടെ കണ്ണീരണിഞ്ഞ പ്രതിഷേധത്തിന് നഗരം സാക്ഷിയായി.
ഠാണ വഴി ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥികൾ സ്റ്റാൻഡിന്‍റെ മുൻ ഗേറ്റ് ഉപരോധിച്ച് സ്റ്റാൻഡിനകത്ത് കുത്തിയിരുന്നു.കറുത്ത ബാഡ്ജും ലയയുടെ ചിത്രം പതിച്ച ബാഡ്ജും ധരിച്ചായിരുന്നു വിദ്യാർഥികളും അധ്യാപകരും പ്രതിഷേധിച്ചത്.
ലയയുടെ ക്ലാസിലെ കുട്ടികളാണ് തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഓർമകൾ ഹൃദയത്തിൽ പേറി പ്രതിഷേധനിരയുടെ മുന്നിൽ ഫ്ളെക്സുമായി ഉണ്ടായിരുന്നത്.
ഒരു മണിക്കൂറോളം സ്റ്റാൻഡിനകത്ത് വിദ്യാർഥികളുടെ പ്രതിഷേധമിരമ്പി. സ്റ്റാൻഡിലുണ്ടായിരുന്ന ബസുകളിൽ വിദ്യാർഥികൾ കയറുകയും യാത്രക്കാരേയും ബസ് ജീവനക്കാരേയും അമിത വേഗത അപകടകമാണെന്ന് ബോധവത്കരിക്കുകയും ചെയ്തു. ബസുകൾ മരണക്കളി അവസാനിപ്പിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇനിയെത്ര മരണം എന്ന ചോദ്യവും വിദ്യാർഥികളുന്നയിച്ചു.
സിഐയുടെ നേതൃത്വത്തിൽ ശക്തമായ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. ഒരു മണിക്കൂറിലേറെ ബസ് സ്റ്റാൻഡ് ഉപരോധിച്ച ശേഷം മൗനജാഥയായി വിദ്യാർഥികൾ കോളജിലേക്ക് തന്നെ മടങ്ങി.