വയോമിത്രം പദ്ധതിയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വീണ്ടും പ്രതിഷേധങ്ങൾ; സ്റ്റാൻ്റിംഗ് കമ്മിറ്റികളെ മറികടന്നുള്ള തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷം
ഇരിങ്ങാലക്കുട: വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭ യോഗത്തിൽ തങ്ങൾ രേഖപ്പെടുത്താത്ത അഭിപ്രായങ്ങൾ മിനുറ്റ്സിൽ വന്നതിനെ ചൊല്ലി ബിജെപി അംഗങ്ങളുടെ പ്രതിഷേധം. കൗൺസിൽ എടുക്കാത്ത തീരുമാനങ്ങളാണ് മിനുറ്റ്സിൽ വന്നിരിക്കുന്നതെന്നും വയോമിത്രം 15 ലക്ഷം രൂപയുടെ പദ്ധതിയാണെന്നും നഗരസഭ സെക്രട്ടറി ചെറിയ കാര്യങ്ങളെ പോലും സങ്കീർണ്ണമാക്കുകയാണെന്നും വയോമിത്രം ക്യാമ്പുകൾ പൊതു യിടങ്ങളിൽ വച്ച് നടത്തണമെന്നും വിഷയം നിശ്ചിത അജണ്ടകൾക്ക് മുമ്പ് ചർച്ച ചെയ്യണമെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ നഗരസഭ യോഗത്തിൽ ആവശ്യപ്പെട്ടു. അജണ്ടകൾക്ക് ശേഷം ചർച്ച ചെയ്യാമെന്ന ചെയർപേഴ്സൻ്റെ നിലപാടിൽ തൃപ്തരാകാതെ ബിജെപി അംഗങ്ങൾ നടുത്തളത്തിൽ പ്ലക്കാർഡുകളും പിടിച്ച് പ്രതിഷേധ സൂചകമായി മുദ്രാവാക്യം വിളികൾ തുടങ്ങി. യോഗാവസാനം വിഷയത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വയോമിത്രം ക്യാമ്പുകളുടെ നടത്തിപ്പ് പ്രത്യേക അജണ്ടയായി അടുത്ത യോഗത്തിൽ കൊണ്ട് വരാൻ തീരുമാനിച്ചു.
നവീകരണ പ്രവ്യത്തകൾ പൂർത്തിയാക്കി ഈ മാസം തന്നെ ടൗൺ ഹാൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ചെയർപേഴ്സൻ യോഗത്തിൽ അറിയിച്ചു. സാധാരണക്കാരന് ആശ്രയമായി തീരേണ്ട നഗരസഭ പരിധിയിലെ ഹാളുകൾ എല്ലാം തന്നെ അടഞ്ഞ് കിടക്കുന്ന സാഹചര്യമാണെന്നും കരുവന്നൂർ പ്രിയദർശിനി ഹാൾ പ്രേതാലയത്തിന് തുല്യമാണെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ വിമർശിച്ചു. മാപ്രാണത്തുള്ള ചാത്തൻ മാസ്റ്റർ ഹാൾ കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഒരാവശ്യവുമില്ലാതെയാണ് പൊളിച്ച് നീക്കിയതെന്ന് എൽഡിഎഫ് കൗൺസിലർ സി സി ഷിബിനും കുറ്റപ്പെടുത്തി. ടൗൺ ഹാളിലെ മലിനജലം പൊതു കാനയിലേക്ക് ഒഴുക്കി വിടുന്ന സാഹചര്യമാണെന്നും മിനി ടൗൺ ഹാളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും ഷിബിൻ വിമർശിച്ചു. ട്രീറ്റ്മെൻ്റ് പ്ലാൻ്റിനുള്ള തുക വകയിരുത്തിയിട്ടുണ്ടെന്ന് ചെയർപേഴ്സൻ മറുപടി നല്കി.മൂന്ന് തവണ നവീകരണം നടത്തി പുതിയ ഒരു ഹാൾ നിർമ്മിക്കാനുള്ള തുക തന്നെ നഗരസഭ ചിലവാക്കിയിട്ടുണ്ടെന്ന് ബിജെപി യിൽ നിന്ന് സന്തോഷ് ബോബനും പറഞ്ഞു.
കാട്ടുങ്ങച്ചിറയിലുള്ള മദർ സുപ്പീരിയർ ഷോൺ സ്റ്റാറ്റ് സിസ്റ്ററ്റേഴ്സ് ഓഫ് മേരിയുടെ പേരിലുള്ള കെട്ടിടത്തിൻ്റെ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട അജണ്ട പ്രതിപക്ഷ വിമർശനത്തെ തുടർന്ന് മാറ്റി വച്ചു.അന്വേഷണ ഉദ്യോസ്ഥൻ തെറ്റായി നല്കിയ നോട്ടീസ് റദ്ദ് ചെയ്യുന്നത് സംബന്ധിച്ചാണ് അജണ്ടയെന്ന് സെക്രട്ടറി വിശദീകരിച്ചു. എന്നാൽ ഇക്കാര്യം അജണ്ടയിൽ ക്യത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സ്റ്റാൻ്റിംഗ് കമ്മിറ്റികളെ മറി കടന്ന് തീരുമാനങ്ങൾ എടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജിഷ ജോബി യോഗത്തിൽ വ്യക്തമാക്കി.ആരോഗ്യ വിഭാഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാനുള്ള തീരുമാനം ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി മുമ്പാകെ വന്നിട്ടില്ലെന്ന് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്തും പറഞ്ഞു.പ്രതിപക്ഷത്തിന് വിയോജിപ്പാണെങ്കിൽ പുതിയ നിയമനം നടത്താമെന്ന് വൈസ് – ചെയർമാൻ ടി വി ചാർലി പറഞ്ഞു. നിയമനം എംപ്ലോയ്മെൻ്റ് എക്സേഞ്ച് വഴി നടത്തണമെന്നും പ്രതിപക്ഷം അനാവശ്യമായി സെക്രട്ടറിയെ കുറ്റപ്പെടുത്തുകയാണെന്നും ഭരണകക്ഷി അംഗം എം ആർ ഷാജുവും പറഞ്ഞു. റിപ്പബ്ലിക് പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത് നീളുമെന്നും ഉറപ്പായി. പാർക്കിലെ അറ്റകുറ്റപ്പണികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലും പ്രവൃത്തികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതും കൊണ്ടാണിത്. പി ടി ജോർജ്ജ്,ജയ്സൻ പാറേക്കാടൻ,അൽഫോൺസ തോമസ്, ടി കെ ഷാജു, കെ പ്രവീൺ ,സ്മിത കൃഷ്ണകുമാർ, നസീമ കുഞ്ഞുമോൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.