വയോജന പുരസ്കാരനേട്ടത്തിൽ ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണൽ…

വയോജന പുരസ്കാരനേട്ടത്തിൽ ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണൽ…

ഇരിങ്ങാലക്കുട: വയോജന സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വയോസേവന അവാർഡ് നേട്ടവുമായി ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണൽ.കേരളത്തിലെ 27 ട്രൈബ്യൂണലുകളിൽ നിന്നാണ് മികച്ച രീതിയിൽ വയോജനസംരക്ഷണ നിയമം നടപ്പിലാക്കിയതിന് ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ചെയർപേഴ്സൻ ആയിട്ടുള്ള സമിതിയാണ് വയോജനക്ഷേമ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ട്രിബ്യൂണൽ, വ്യദ്ധസദനം എന്നിവയെ തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ഇരിങ്ങാലക്കുട ആർഡിഒ യും ട്രൈബ്യൂണലിൻ്റെ പ്രിസൈഡിംഗ് ഓഫീസറുമായ എം എച്ച് ഹരീഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.2018 മെയ് 18 ന് പ്രവർത്തനമാരംഭിച്ച ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണലിൽ ലഭിച്ച 570 പരാതികളിൽ 407 എണ്ണത്തിന് പരിഹാരം കണ്ടിട്ടുണ്ട്. മുതിർന്ന പൗരൻമാരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും മക്കളിൽ നിന്നും ജീവനാംശം ലഭ്യമാക്കുന്നതിനും ചികിൽസ, ഭക്ഷണം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും ശാരീരിക മാനസിക പീഡനങ്ങൾക്കുള്ള നിയമസംരക്ഷണം നൽകാനും അശരണരായ വയോധികരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു സുരക്ഷിതരായി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വയോജന ക്ഷേമം മുൻനിറുത്തി ബോധവല്ക്കരണ പരിപാടികൾ, സ്കൂൾ, കോളേജ് വിദ്യാർഥികൾ, റസിഡൻസ് അസോസിയേഷനുകൾ, ഉദ്യോഗസ്ഥർ എന്നിവർക്കായി ബോധവല്ക്കരണ ക്ലാസ്സുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് തദ്ദേശസ്ഥാപനങ്ങൾക്കും പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർക്കും വയോജന സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നല്കാനും വയോക്ഷേമ കോൾ സെൻ്റർ വഴി ഇടപെടലുകൾ നടത്താനും കഴിഞ്ഞു. വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി അവധി ദിനങ്ങളിൽ കലാ / വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സെക്ഷൻ ക്ലാർക്ക് കസ്തൂർബായ് ഐ ആർ, സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റൻ്റ് മാർഷൽ സി രാധാകൃഷ്ണൻ ,സീനിയർ സൂപ്രണ്ടുമാർ, ജൂനിയർ സൂപ്രണ്ടുമാർ എന്നിവർ നേതൃത്വം നല്കുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേത്യത്വം നല്കുന്നതെന്നും ആർഡിഒ എം എച്ച് ഹരീഷ് അറിയിച്ചു.

Please follow and like us: