കൊടുങ്ങല്ലൂരിൽ വെട്ടേറ്റ യുവതി മരിച്ചു

കൊടുങ്ങല്ലൂരിൽ വെട്ടേറ്റ യുവതി മരിച്ചു

കൊടുങ്ങല്ലൂർ: യുവാവ് ക്രൂരമായി വെട്ടി പരിക്കേല്പിച്ച വസ്ത്രവ്യാപാര സ്ഥാപന ഉടമയായ യുവതി മരിച്ചു. എറിയാട് സ്കൂളിനു സമീപം നിറക്കൂട്ട് എന്ന കട നടത്തുന്ന കലാപള്ള നാസറിന്‍റെ ഭാര്യ റിൻസി (35) ആണ് മരിച്ചത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ റിയാസ് (28) ആണ് ഇവരെ വെട്ടിയത്. ഇയാൾ ഒളിവിലാണ്.
ഇന്നലെ രാത്രി എട്ടിന് എറിയാട് ബ്ലോക്കിനു സമീപത്തുവച്ചാണ് റിൻസിക്കുനേരെ ആക്രമണമുണ്ടായത്. കുട്ടികളുമായി കടയിൽനിന്നു സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ റിൻസിയെ ബൈക്കിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിലുമടക്കം മുപ്പതിലേറെ വെട്ടുകൾ റിൻസിയുടെ ശരീരത്തിലുണ്ടായിരുന്നു. ആക്രമണം കണ്ട് കുട്ടികൾ ഭയന്നു നിലവിളിച്ചപ്പോഴാണ് പരിസരവാസികൾ സംഭവമറിഞ്ഞത്. തടയാൻ ശ്രമിച്ചെങ്കിലും പ്രതി രക്ഷപ്പെട്ടു.
അതീവ ഗുരുതരാവസ്ഥയിൽ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റി. രാവിലെ 8.15 ഓടെ മരിച്ചു.
കടയിലെ ജീവനക്കാരനായിരിക്കേ റിയാസ് മുന്പും പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നെന്നു പറയുന്നു. ഇതേ തുടർന്നാണ് ഇയാളെ ജോലിയിൽനിന്ന് ഒഴിവാക്കിയത്. റിൻസിയുടെ വീടിനു നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് ഇയാൾക്കു താക്കീതു നൽകിയിരുന്നു. ഒളിവിലായ റിയാസിനുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Please follow and like us: