ചാലക്കുടിപ്പുഴയില്‍ വെള്ളമുയര്‍ന്ന് 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്ന് സന്ദേശം; അന്നമനടയില്‍ ജനം കണ്ടത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്‍…

ചാലക്കുടിപ്പുഴയില്‍ വെള്ളമുയര്‍ന്ന് 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്ന് സന്ദേശം; അന്നമനടയില്‍ ജനം കണ്ടത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്‍…

ചാലക്കുടി: ‘ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു. അന്നമനട പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഫെറിക്കടവ് പ്രദേശത്ത് വെള്ളം കയറി 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു…ഇവരെ പുളിക്കക്കടവിലേക്ക് എത്തിക്കുന്നതിനിടയിലാണ് പുഴയില്‍ വീണ് ഒരാളെ കാണാതായത്..’ അന്നമനട പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് ഡിസ്ട്രിക്റ്റ് എമര്‍ജന്‍സി ഓപ്പറേറ്റിങ്ങ് സെന്ററിലേക്ക് ഫോണ്‍ സന്ദേശമെത്തിയതോടെ റവന്യൂ, പൊലീസ്, ആരോഗ്യം, അഗ്‌നിസുരക്ഷാ സേന ഓഫീസുകളിലേക്ക് എമര്‍ജന്‍സി അറിയിപ്പുകള്‍ പലവഴിക്ക് പാഞ്ഞു. അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങള്‍ പുഴ പരിസരത്തേക്ക് പാഞ്ഞു. നിമിഷങ്ങള്‍ക്കകം രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷാസന്നാഹങ്ങളുമായി സ്ഥലത്തെത്തി. പുഴയില്‍ സ്‌ക്യൂബ സംവിധാനമുപയോഗിച്ച് ‘രക്ഷപ്പെടുത്തിയ’ ആളുമായി ആംബുലന്‍സുകള്‍ അലാറം മുഴക്കി ആശുപത്രിയിലേക്ക് കുതിച്ചു. അപായസൂചന കിട്ടി സ്ഥലത്ത് പരിഭ്രാന്തരായെത്തിയ ജനങ്ങള്‍, സംഭവിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്‍ ആണെന്നറിഞ്ഞതോടെ ആശ്വസിച്ചു.

ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്റെ ഭാഗമായി ചാലക്കുടി താലൂക്കിലെ അന്നമനട പഞ്ചായത്തിലെ പുളിക്കക്കടവില്‍ നടത്തിയ മോക് ഡ്രില്ലിനാണ് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

പുഴയില്‍ വെള്ളമുയര്‍ന്ന് പ്രദേശം ഒറ്റപ്പെട്ടു പോയതിനെ തുടര്‍ന്നു വീടുകളിലും പരിസരങ്ങളിലും കുടുങ്ങിയവരെ രക്ഷിക്കുക എന്നതായിരുന്നു രക്ഷാസേനയുടെ ആദ്യദൗത്യം. അന്നമനട പഞ്ചായത്തിലെ വാര്‍ഡ് അഞ്ചില്‍ കുടുങ്ങിയ 9 കുടുംബങ്ങളില്‍ നിന്നുള്ള 24 സ്ത്രീകള്‍, 23 പുരുഷന്മാര്‍, നാല് കുട്ടികള്‍ ഉള്‍പ്പെടെ 51 പേരെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ ഒരാള്‍ പുഴയില്‍ മുങ്ങിപ്പോയതായുള്ള വിവരം ലഭിച്ചപ്പോള്‍ സ്‌കൂബാ സംഘം തിരച്ചില്‍ നടത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തി. ആംബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു. അന്നമനട ടി എം ടി ഓഡിറ്റോറിയത്തില്‍ ജനറല്‍, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ എന്നിങ്ങനെ രണ്ട് വിഭാഗമായി ക്യാമ്പുകളും തയ്യാറാക്കിയിരുന്നു. മാറ്റിപ്പാര്‍പ്പിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അയാളെ കോവിഡ് ക്യാമ്പിലേക്ക് മാറ്റി. ഇതിനിടയില്‍ പീച്ചി, വാഴാനി ഡാമുകള്‍ക്ക് റെഡ് അലര്‍ട്ടും ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചുവെന്നുള്ള സന്ദേശമെത്തി. പീച്ചി ഡാം നാലിഞ്ച് അടി തുറന്നുവെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നുമുള്ള സന്ദേശങ്ങള്‍ എത്തിയതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.

ഒരു മണിക്കൂറോളം നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ ഐ പാര്‍വതീദേവി, ചാലക്കുടി ഡിവൈ.എസ്.പി. സി ആര്‍ സന്തോഷ്, കൊരട്ടി പോലീസ് എസ്.എച്ച്.ഒ ബി കെ അരുണ്‍, ഇന്‍സിഡന്റല്‍ കമാന്‍ഡര്‍ ചാലക്കുടി തഹസില്‍ദാര്‍ ഇ എന്‍ രാജു, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്,മാള പോലീസ് എസ് ഐ രമ്യ കാര്‍ത്തികേയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ശ്രീനിവാസ്, കല്ലൂര്‍ തെക്കുംമുറി വില്ലേജ് ഓഫീസര്‍ കെ കെ ജോബി എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കോവിഡ് രോഗി അടക്കമുള്ള എല്ലാവരേയും സുരക്ഷിത കേന്ദ്രങ്ങളിലും ആവശ്യമുള്ള എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രിയിലെത്തിച്ചുമാണ് സംഘം മടങ്ങിയത്.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയായിരുന്നു പരിപാടി. കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ഐ ജി മധുസൂദനന്‍, ആര്‍ ഡി ഒ പി എ വിഭൂഷണന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ അനൂപ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ശ്രീലത, ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ വിജയകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, ഹസാര്‍ഡ് അനലിസ്റ്റ് സുസ്മി സണ്ണി, ആര്‍ ടി ഒ, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Please follow and like us: