കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ സഹപാഠിയെ കുത്തി പരിക്കേല്പിച്ച യുവാക്കൾ അറസ്റ്റിൽ.
ഇരിങ്ങാലക്കുട: കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നതിനെ ചോദ്യം ചെയ്ത സഹപാഠിയെ കുത്തി പരിക്കേല്പിച്ച യുവാക്കൾ അറസ്റ്റിൽ. കാറളം നെടുമങ്ങാട് വീട്ടിൽ ഷാഫിർ (21), ആലുവ ആലങ്ങാട് നെടുമാലി വീട്ടിൽ രാഹുൽ (23) എന്നിവരെയാണ് സിഐ എസ് പി സുധീരൻ, എസ് ഐ വി ജിഷിൽ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് ഇരുവർക്കുമെതിരെ കേസ്സെടുത്തിരിക്കുന്നത്. രാവിലെ 9.30 യോടെ മെയിൻ റോഡിൽ ഉള്ള ജ്യോതിസ് കോളേജിൻ്റെ മുന്നിൽ വച്ചായിരുന്നു സംഭവം.കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെ ഇരുവരും ശല്യപ്പെടുത്തുന്നത് കണ്ട് ചോദ്യം ചെയ്ത സഹപാഠി ചേലൂർ കോണേങ്ങാടൻ വീട്ടിൽ തോമസ് മകൻ ടെൽസൻ (19) നെ ഷാഫിർ കയ്യിൽ ഉണ്ടായിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട പ്രതികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു.പ്ലസ് ടു പഠന കാലത്ത് ഷാഫിറും പെൺകുട്ടിയായി അടുപ്പമുണ്ടായിരുന്നതായും പിന്നീട് പെൺകുട്ടി ഷാഫിറിനെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതികളായ ഷാഫിറും സുഹൃത്ത് രാഹുലും ആലുവ കെഎസ്ആർടിസി സ്റ്റാൻ്റിന് അടുത്ത് ലോട്ടറി കച്ചവടം നടത്തി വരികയാണ്. 2020 ൽ ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഒരു കേസിൽ അഞ്ചാം പ്രതിയാണ് ഷാഫിറെന്നും പോലീസ് പറഞ്ഞു. കുത്തേറ്റ ടെൽസൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്ത് കഴിഞ്ഞതായും പോലീസ് അറിയിച്ചു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.