ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു…

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും
50,000 രൂപ പിഴയും ശിക്ഷ വിധിച്ചു…

ഇരിങ്ങാലക്കുട : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വെസ്റ്റ് ബംഗാൾ ജാൽപൈഗുരി രാംജോറ ജെറ്റ ലൈനിൽ ബിനു ഒറയോൺ (39) എന്നയാളെ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് വിവിധ വകുപ്പുകളിലായി 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. 2018 ജനുവരി 6 ന് രാവിലെ 8 മണിയോടെ പുത്തൻചിറ കരിങ്ങാച്ചിറ പേൻതുരുത്ത് റോഡിൽ നിക്സൺ എന്നയാളുടെ ഫാമിനോടു ചേർന്നുള്ള വീട്ടിലെ കിടപ്പുമുറിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയും പ്രതിയുടെ ഭാര്യയും താമസിക്കുന്ന കിടപ്പുമുറിയിൽ
ഭാര്യയെ കാണാത്തതിനെ തുടർന്ന് പ്രതി അന്വേഷിച്ചു നടക്കവെ ഫാമിലെ കോമ്പൗണ്ടിനകത്ത് മുൻവശം ഗേറ്റിനോടു ചേർന്നുള്ള ടെറസിട്ട വീടിന്റെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട
ഭാര്യയെയും കൂടെ ബുദുവ ഓറാം എന്നയാളെയും കാണപ്പെട്ടതിനെ തുടർന്ന് പ്രകോപിതനായി മുൻവശത്തെ ജനലിലൂടെ കൈയിട്ട് ഭാര്യയുടെ കാലിൽ പിടിച്ചു വലിച്ചും പട്ടികവടി എടുത്തു കൊണ്ടു വന്ന് തുറന്നിട്ട വാതിലിലൂടെ പ്രതി അകത്തേക്കു
കയറി ഭാര്യയെ പട്ടിക വടി കൊണ്ടടിക്കുകയും ബലമായി വലിച്ചിഴച്ച് പിന്നെയും
ക്രൂരമായി മർദ്ദിക്കുകയും തടുക്കാൻ ചെന്ന ബുദുവയെ പട്ടിക വടി
കൊണ്ടടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കു പറ്റിയ പ്രതിയുടെ ഭാര്യയെ മാള നീം കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതി ഏല്പിച്ച ഗുരുതരപരിക്കിന്റെ കാഠിന്യത്താൽ മരണപ്പെടുകയാണ് ഉണ്ടായത്.മാള പോലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ.കെ. ഭൂപേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും
രേഖകൾ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെയും
സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. കേസിൽ
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി,
അഡ്വക്കേറ്റ് ജിഷ ജോബി എന്നിവർ ഹാജരായി.

Please follow and like us: