യുദ്ധമുഖത്ത് നിന്ന് ആറ് രാപ്പലുകൾ നീണ്ട കഠിനയാത്രക്ക് ശേഷം കൂടണഞ്ഞതിൻ്റെ ആശ്വാസത്തിൽ മാപ്രാണം സ്വദേശിയായ രഹൻ…

യുദ്ധമുഖത്ത് നിന്ന് ആറ് രാപ്പലുകൾ നീണ്ട കഠിനയാത്രക്ക് ശേഷം കൂടണഞ്ഞതിൻ്റെ ആശ്വാസത്തിൽ മാപ്രാണം സ്വദേശിയായ രഹൻ…

ഇരിങ്ങാലക്കുട: യുദ്ധമുഖത്ത് നിന്ന് ആറ് രാപ്പകലുകൾ നീണ്ട കഠിനയാത്രക്ക് ശേഷം കൂടണഞ്ഞതിൻ്റെ ആശ്വാസത്തിലാണ് രഹൻ .എംബിബിഎസ് സ്വപ്നവുമായി കഴിഞ്ഞ വർഷം ഡിസംബറിലാണ് മാപ്രാണം വട്ടപ്പറമ്പിൽ വിനോദിൻ്റെയും റിജിനയുടെയും മകനായ രഹൻ യുക്രൈനിലെ പ്രശസ്തമായ കാർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ചത്. പഠനം തുടക്കത്തിൽ തന്നെ നിലച്ചതിൻ്റെ വേദനയോടെയാണ് പത്തൊൻപതുകാരനായ രഹൻ ജീവനോടെ നാട്ടിൽ തിരിച്ചെത്തിയതിൻ്റെ അനുഭവങ്ങൾ പങ്ക് വച്ചത്. ആസന്നമായ യുദ്ധം സംബന്ധിച്ച് ക്യത്യമായ മുന്നറിയിപ്പ് നല്കുന്നതിൽ ഇന്ത്യൻ എംബസ്സി പരാജയപ്പെട്ടതായി രഹൻ പറയുന്നു. വെടിയൊച്ചകൾ ഖാർകീവിൽ എത്തിയതോടെ അഞ്ച് ദിവസത്തോളം ബങ്കറിൽ കഴിഞ്ഞതിന് ശേഷം എൺപത് പേർ അടങ്ങുന്ന വിദ്യാർത്ഥി സംഘം മാർച്ച് ഒന്നിനാണ് പോളണ്ട് അതിർത്തിയിലേക്ക് യാത്ര തിരിച്ചത്. ഇക്കാര്യത്തിലും ഇന്ത്യൻ എംബസ്സിയുടെ യാതൊരു ഇടപെടലും ഉണ്ടായില്ല. സംഘത്തിലെ സീനിയർ വിദ്യാർഥികളുടെ സഹായം മാത്രമായിരുന്നു ആശ്രയം.കാർക്കീവിൽ നിന്ന് ട്രെയിൻ മാർഗ്ഗം ലെവീവിലും തുടർന്ന് ബസ്സിൽ പോളണ്ട് അതിർത്തിക്കടുത്തും എറെ പണം ചിലവഴിച്ചാണ് എത്തിച്ചേർന്നത്. രണ്ട് കിലോമീറ്റർ ദൂരം കൊടും തണുപ്പും നേരിട്ട് പോളണ്ട് അതിർത്തിയിൽ എത്തിയപ്പോൾ മുൻ ബാച്ചുകളിൽ നിന്ന് മോശമായ അനുഭവം ഉണ്ടായെന്ന് പറഞ്ഞ് തങ്ങളെ തടഞ്ഞു. അതിർത്തിയിലെ പന്ത്രണ്ട് മണിക്കൂർ നീണ്ട കാത്തിരിപ്പിന് ഇടയിൽ സംഘത്തിലെ ചിലർ മയങ്ങി വീണു. തങ്ങളുടെ അവസ്ഥകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചതിൻ്റെ അടിസ്ഥാനത്തിൽ ഉണ്ടായ ഇടപെടലുകൾക്ക് ശേഷം മാർച്ച് മൂന്നിന് രാത്രിയാണ് അതിർത്തി കടന്നത് .തുടർന്നുള്ള യാത്രയിൽ കേന്ദ്ര, സംസ്ഥാന എംബസ്സികളുടെ സഹായങ്ങളുണ്ടായി. 150 കിലോമീറ്റർ ദൂരയുള്ള പോളണ്ടിലെ ആശ്രമത്തിൽ എത്തിച്ചു. ഒരു ദിവസത്തിന് ശേഷം പോളണ്ടിലെ ഉക്സാൻ എയർപോർട്ടിന് അടുത്തുള്ള ഹോട്ടലിൽ എത്തിച്ചു.അഞ്ചിന് രാത്രി ഉക്സാനിൽ നിന്ന് പുറപ്പെട്ട് ഡൽഹിയിൽ ഇന്നലെ പുലർച്ചെ എത്തിച്ചേർന്നു. രാത്രി 10 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ഒരു മണിയോടെ നെടുമ്പാശ്ശേരിയിലും നാല് മണിയോടെ വീട്ടിലും എത്തുകയായിരുന്നുവെന്ന് രഹൻ പറയുന്നു. ക്രൈസ്റ്റ് വിദ്യാനികേതനിൽ നിന്ന് പത്താം ക്ലാസ്സും എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും പൂർത്തിയാക്കിയ രഹൻ നീറ്റിൽ യോഗ്യത നേടിയതിന് ശേഷം എറണാകുളത്തുള്ള എജൻസി വഴിയാണ് കാർക്കീവിൽഎത്തിയത്. എറ്റവും മികച്ച പഠന സൗകര്യങ്ങളാണ് കാർക്കീവ് സർവകലാശാലയിൽ ഉള്ളത്. ചിലവ് കുറവും.കാർക്കീവിലെ വിദ്യാർഥികളിൽ അമ്പത് ശതമാനവും മലയാളികൾ തന്നെ.പഠനത്തിൻ്റെ ഭാഗമായി ഉക്രൈയ്ൻ, ലാറ്റിൻ ഭാഷകളിലും പരിശീലനം നേടേണ്ടതുണ്ട്. മികച്ച രാജ്യമാണ് ഉക്രയ്ൻ എന്നും ഉക്രയ്ൻ – റഷ്യൻ വിഭാഗങ്ങൾ തമ്മിലുളള ഭിന്നതകൾ ഒന്നും യുദ്ധത്തിന് മുൻപ് അനുഭവപ്പെട്ടില്ലെന്നും തങ്ങളുടെ ഹോസ്റ്റൽ വാർഡൻ റഷ്യൻ വംശജനാണെന്നും രഹൻ പറഞ്ഞു. പട്ടാളനിയമത്തിൻ്റെ അടിസ്ഥാനത്തിൽ മാർച്ച് 13 വരെ ക്ലാസ്സുകൾ ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. രഹൻ്റെ സഹോദരൻ റോഷ് മാംഗ്ളൂരിൽ ഫിസിയോതെറാപ്പി വിദ്യാർഥിയാണ്.

Please follow and like us: