മൃഗസംരക്ഷണമേഖലയിൽ പുതിയ കാൽവെപ്പുമായി കുടുംബശ്രീ; ജില്ലയിൽ അഞ്ച് വർഷത്തെ പദ്ധതി നടപ്പിലാക്കുന്നത് ഇരിങ്ങാലക്കുട, ചാലക്കുടി ബ്ലോക്കുകളിൽ..

മൃഗസംരക്ഷണമേഖലയിൽ പുതിയ കാൽവെപ്പുമായി കുടുംബശ്രീ; ജില്ലയിൽ അഞ്ച് വർഷത്തെ പദ്ധതി നടപ്പിലാക്കുന്നത് ഇരിങ്ങാലക്കുട, ചാലക്കുടി ബ്ലോക്കുകളിൽ..

ഇരിങ്ങാലക്കുട: മൃഗസംരക്ഷണമേഖലയിലെ ഉപജീവന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും കൈകോർത്തുള്ള സംരംഭകത്വ പദ്ധതിക്ക് തുടക്കമായി. അടുത്ത അഞ്ച് വർഷത്തേക്ക് മൃഗസംരക്ഷണ മേഖലയിൽ നൂതന പ്രാദേശിക മാതൃകകൾ വികസിപ്പിക്കുക, സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട, ചാലക്കുടി ബ്ലോക്കുകളെയാണ് കുടുംബശ്രീ പദ്ധതിക്കായി ഇൻ്റൻസീവ് ബ്ലോക്കുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. ബ്ലോക്കിലെ നാല് പഞ്ചായത്തുകളിൽ നിന്ന് 18 നും 45 നും ഇടയിൽ പ്രായമുള്ള 25 സംരംഭകരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൻ്റെ മുന്നോടിയായി നടത്തുന്ന പരിശീലന ക്യാമ്പിൽ മൃഗസംരക്ഷണം കൂടാതെ തൊഴിലുറപ്പ്, ക്ഷീരവികസനം, ബാങ്ക്, കുടുംബശ്രീ, വ്യവസായം തുടങ്ങിയ വിഷയങ്ങളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംരംഭകരുമായി സംവദിക്കും. കുടുംബശ്രീ അംഗീകൃത പരിശീലന സ്ഥാപനമായ ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എക്സ്ത് ആണ് പരിശീലന പരിപാടിക്ക് നേത്യത്വം നല്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് ലളിത ബാലൻ മൂന്ന് ദിവസത്തെ പരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കാർത്തിക ജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം കവിത സുനിൽകുമാർ, കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ, കാറളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ ,സിഡിഎസ് ചെയർപേഴ്സൻമാരായ സുനിത രവി, സരിത തിലകൻ, ഡാലിയ പ്രദീപ് ,കുടുബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: