ചാലക്കുടിക്കടുത്ത് കൊരട്ടിയിൽ പോലീസിന്റെ റെക്കോഡ് മയക്കുമരുന്ന് വേട്ട;പിടികൂടിയത് 25 കോടി രൂപയുടെ ഹാഷിഷ് ഓയിൽ;പിടിയിലായവരിൽ ക്രിമിനൽ കേസ് പ്രതികളും…
ചാലക്കുടി: ആന്ധ്രയിലെ പാഡേരുവിൽ നിന്നും എറണാകുളത്തേക്ക് വൻതോതിൽ ഹാഷിഷ് ഓയിൽ കടത്തുവാൻ സാധ്യത ഉണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐ പി എസ് , തൃശൂർ റേഞ്ച് ഡിഐജി എ.അക്ബർ ഐ. പി എസ് , തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി കുമാരി ഐശ്യര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസ് എന്നിവരുടെ നിർദേശാനുസരണം ദിവസങ്ങളോളം ദേശീയ പാതകൾ കേ(ന്ദീകരിച്ച് നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവടക്കം മൂന്നുപേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആർ. സന്തോഷും സംഘവും ചേർന്ന് പിടികൂടിയത്. തൃശ്ശൂർ പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ കണ്ണാറവീട്ടിൽ ലിഷൻ (35 വയസ്), പാവറട്ടി പെരുവല്ലൂർ സ്വദേശി അയിനിപ്പിള്ളി വീട്ടിൽ അനൂപ് (32 വയസ്), പത്തനംതിട്ട ജില്ലയിൽ കോന്നി കുമ്മണ്ണൂർ സ്വദേശി തൈക്കാവിൽ വീട്ടിൽ നാസിം (32 വയസ്) എന്നിവരാണ് പിടിയിലായത്. പിടിയിലായ ലിഷാൻ പീഡന കേസടക്കം നിരവധി കേസുകളിലും നാസിം മോഷണ കേസിലും പ്രതിയാണ്.
സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ലഹരി വസ്തുക്കൾക്കെതിരെ വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് മിഷൻ DAD (Drive Against Drug) എന്ന പേരിൽ തൃശൂർ റേഞ്ച് കേന്ദ്രീകരിച്ച് പോലിസ് നടത്തി വരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, കൊരട്ടി
സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ കൊരട്ടിയിൽ പുലർച്ചെ മുതൽ നടത്തിയ വാഹന പരിശോധനയിലാണ് ഹാഷിഷുമായി കാറിൽ വന്ന സംഘം പിടിയിലായത്. കാറിന്റെ ഡിക്കിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ . ആന്ധ്രയിലെയും ഒറീസയിലെയും ഗ്രീൻ കഞ്ചാവ് ഉപയോഗിച്ച് നിർമ്മിക്കുന്ന മേൽത്തരം പന്ത്രണ്ട് കിലോയോളം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. നൂറ്റി അൻപത് കിലോ കഞ്ചാവ് വാറ്റുമ്പോഴാണ് ഒരു കിലോ ഹാഷിഷ് ഓയിൽ ലഭിക്കുന്നതെന്നും ഇത് കേരളത്തിലെത്തിച്ച് മറ്റു ചില എണ്ണകൾ കൂടി ചേർത്ത് ചില്ലറ വിൽപന നടത്തുമ്പോൾ ഇരുപത്തിഅഞ്ച് കോടിയോളം രൂപ പിടിച്ചെടുത്ത ഹാഷിഷിന് വില വരുമെന്നും പിടിയിലായവർ പോലീസിനോട് സമ്മതിച്ചു.ആന്ധ്രയിൽ നിന്ന് വിനോദ യാത്ര സംഘം എന്ന രീതിയിൽ ആഡംബര കാറുകളിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയിൽ കടത്തി കൊണ്ടുവന്നിരുന്നത്. കൊച്ചിയിലെയും മറ്റും വിവിധ തുറകളിലുള്ള ആവശ്യക്കാർക്ക് വേണ്ടിയാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചാലക്കുടി ഡിവൈഎസ്പി സി .ആർ . സന്തോഷ് , കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, ജോബ് സി.എ ,സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സി.എം സുരേഷ് ബാബു , വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, . ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥരായ രജീഷ്, മനുകൃഷ്ണൻ, സനുപ് എന്നിവരടങ്ങിയ സംഘം ഏതാനും ദിവസങ്ങളായി നാഷണൽ ഹൈവേയും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഫലമായാണ് വൻ മയക്കുമരുന്നു കടത്തു സംഘത്തിന്റെ വാഹനം കണ്ടെത്താനായത്.
ഹൈവേയിലൂടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ കാറുകൾ തടഞ്ഞു നിർത്തി പരിശോധിക്കാൻ കൊരട്ടി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷാജു എടത്താടൻ, ചാലക്കുടി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സജി വർഗ്ഗീസ്, സീനിയർ സിപിഒമാരായ ടെസി, സജീഷ് സിപിഒ ജിബിൻ വർഗ്ഗീസ്, ഹോം ഗാർഡ് മാരായ ജോയി, ജോസഫ്
എന്നിവരടങ്ങിയ സംഘവുമുണ്ടായിരുന്നു ചാലക്കുടി തഹസീൽദാർ ഇ, എൻ രാജുവിന്റെ സാന്നിധ്യത്തിലാണ് കാർ തടഞ്ഞ് പരിശോധന നടത്തിയത്.
ആറ് മാസത്തിനുള്ളിൽ ചാലക്കുടി ഡിവൈഎസ്പി നേതൃത്വത്തിൽ ആയിരം കിലോയിലധികം കഞ്ചാവ് കൊരട്ടി, കൊടകര, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ച കൊടകരയിൽ നിന്ന് മുന്നൂറ് ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് പിടികൂടിയിരുന്നു.
ലോക് ഡൗൺ സാഹചര്യം മുതലെടുത്ത് ഉയർന്ന വിലക്ക് വിറ്റഴിക്കണമെന്ന ലക്ഷ്യത്തോടെയാണ് യുവാക്കൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന്നായി ഇറങ്ങുന്നത്. ലഹരി വസ്തുക്കൾ കടത്തുന്ന സംഘങ്ങൾക്കെതിരെ കർശനമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും.