ഒടുവിൽ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 22 ലെ അംഗൻവാടി കെട്ടിടത്തിന് മോചനം; പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് ഗേറ്റിൻ്റെ സുരക്ഷിതത്വമില്ലാതെ…
ഇരിങ്ങാലക്കുട: റോഡിനോട് ചേർന്നുള്ള അംഗൻവാടി പ്രവർത്തനം ആരംഭിച്ചത് ഗേറ്റിൻ്റെ സുരക്ഷിതത്വമില്ലാതെ. നഗരസഭ വാർഡ് 22 ൽ ഗേൾസ് സ്കൂൾ കോംപൗണ്ടിൽ 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച അംഗൻവാടിയാണ് മതിയായ സുരക്ഷയില്ലാതെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഗേൾസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം ആദ്യം സ്റ്റാഫ് മുറിയായും പിന്നീട് ലൈബ്രറിയായും ഉപയോഗിച്ചിരുന്ന മുറിയിലാണ് അംഗൻവാടി എഴ് കുട്ടികളുമായി പ്രവർത്തിച്ചിരുന്നത്. കോവിഡിനെ തുടർന്ന് കുട്ടികൾ അംഗൻവാടിയിൽ എത്തിയിരുന്നില്ല. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ അംഗൻവാടികൾ എല്ലാം പ്രവർത്തനം ആരംഭിക്കുകയും ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം പ്രവർത്തനക്ഷമമല്ലാതെ തുടരുന്നതിൽ പ്രാദേശികമായ എതിർപ്പ് ഉയരുകയും ചെയ്തതോടെ അംഗൻവാടി കെട്ടിടം തുറന്ന് കൊടുക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. കെട്ടിടത്തിൻ്റെ മുന്നിൽ ഉണ്ടായിരുന്ന പഴയ ശുചി മുറി പൊളിച്ച് നീക്കിയിട്ടുണ്ട്. രണ്ട് വർഷത്തോളം വീട്ടിലിരുന്ന കുട്ടികൾക്ക് ഓടി കളിക്കാനുള്ള വ്യഗ്രത കൂടുതലാണെന്ന് അംഗൻവാടി ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാവിലെ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അംഗൻവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് – ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, ഐസിഡിഎസ് സൂപ്പർവൈസർ സലോമി കെ വി എന്നിവർ ആശംസകൾ നേർന്നു.നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് കെ എം റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ഒ എസ് അവിനാശ് സ്വാഗതവും മുൻസിപ്പൽ എഞ്ചിനീയർ ഗീതാകുമാരി സി എസ് നന്ദിയും പറഞ്ഞു. പദ്ധതിയിനത്തിൽ വകയിരുത്തിയ ഫണ്ട് ചിലവഴിച്ച് കഴിഞ്ഞതായും പുതിയ പദ്ധതിയിൽ ഫണ്ട് വകയിരുത്തി ഗേറ്റ് നിർമ്മിക്കുമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു.