ക്രൈസ്റ്റ് കോളജ് ക്യാമ്പസ് അപൂര്‍വ ജൈവവൈവിധ്യത്താല്‍ സമ്പന്നം ;വംശനാശം സംഭവിച്ചുവെന്ന് കരുതിയ രണ്ടിനം ചിലന്തികളെ കണ്ടെത്തി.
ഇരിങ്ങാലക്കുട: വംശനാശം സംഭവിച്ചുവെന്നു കരുതിയ രണ്ടിനം ചിലന്തികളെ ക്രൈസ്റ്റ് കോളജ് ക്യാമ്പസില്‍ നിന്നും കണ്ടെത്തി. കോളജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്. നീളന്കാലന്ചിലന്തി കുടുംബത്തില്‍ വരുന്ന മൈക്രോഫോള്‍ക്ക്സ് ഫറോട്ടി എന്ന ശാസ്ത്രനാമമുള്ള ചിലന്തിയാണ് ഇതില്‍ ആദ്യത്തേത്. ഫ്രഞ്ച് ചിലന്തി ഗവേഷകനായ ഡോ. യൂജിന്‍ സൈമണ്‍ 1887 ല്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നും കണ്ടെത്തിയ ഇതിനെ 134 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണു കണ്ടെത്തുന്നത്. ഉരുണ്ട ശരീരത്തോടുകൂടിയ ഇവയുടെ വലിപ്പം വെറും രണ്ടു മില്ലിമീറ്റര്‍ മാത്രമാണ്. വളരെ ചെറിയ തിളങ്ങുന്ന എട്ടു കണ്ണുകള്‍ നാലു കൂട്ടമായാണ് ഇരിക്കുന്നത്. ഇളം മഞ്ഞ നിറത്തിലുള്ള ശരീരത്തില്‍ വെളുത്ത പൊട്ടുകള്‍ കാണാം. വളരെ നീളം കൂടിയ പെട്ടെന്ന് ഒടിഞ്ഞു പോകുന്ന കാലുകളാണ് ഇവയ്ക്കുള്ളത്. ഇലകള്ക്കടിയില് വലിച്ചുകെട്ടിയ നൂലുപയോഗിച്ചാണ് ഇവ ഇര പിടിക്കുന്നത്. പെണ്‍ചിലന്തി വെളുത്ത മുത്തുപോലിരിക്കുന്ന മുട്ടകള്‍ ചിലന്തിനൂലിനാല് പൊതിഞ്ഞു ചുണ്ടോടുചേര്‍ത്ത് കൊണ്ടു നടക്കുകയാണ് ചെയ്യുന്നത്. നീണ്ടതാടിക്കാരന്ചിലന്തി കുടുംബത്തില്‍ വരുന്ന ടെട്രാഗ്നാത്ത കൊച്ചിനെന്‍സിസ് എന്ന ശാസ്ത്രനാമമുള്ള ചിലന്തിയാണ് രണ്ടാമത്തേത്. മദ്രാസ് മ്യൂസിയം ഡയറക്ടറായിരുന്ന ബ്രിട്ടീഷ് ചിലന്തി ഗവേഷകനായ ഡോ. ഫ്രഡറിക് ഹെന്റി ഗ്രവേലി 1921 ല്‍ അതിരപ്പിള്ളി വനത്തില്‍ നിന്നും ഈ ചിലന്തിയെ കണ്ടുപിടിച്ചതിനു ശേഷം ഇതാദ്യമായാണ് ഈ ചിലന്തിയെ കണ്ടെത്തുന്നത്. അദ്ദേഹം പെണ് ചിലന്തിയെ മാത്രമാണ് കണ്ടെത്തിയത്. ആണ് ചിലന്തിയുടെ നീണ്ടതാടിയുടെ ഉള്‍ഭാഗത്തായി നാലു പല്ലുകളും പുറം ഭാഗത്തായി മൂന്നു പല്ലുകളുമുണ്ട്. താടിയുടെ അഗ്രഭാഗത്തായി പുറത്തേക്കു വളഞ്ഞു നില്ക്കുന്ന മുള്ളുകളുമുണ്ട്. ഈ മുള്ളുകള്‍ ഇണചേരുമ്പോള് പെണ് ചിലന്തിയെ പിടിച്ചു നിര്‍ത്താനാണ് ഉപയോഗിക്കുന്നത്. ഈ മുള്ളുകളുടെ നീളവും അവയുടെ വളവുമാണ് ഈ ചിലന്തിയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ആണ് ചിലന്തിയുടെ നീണ്ട ഇരുണ്ട ഉദരത്തിന്റെ മുകള്‍ ഭാഗത്തായി നീണ്ട വരയും പാര്ശ്വങ്ങളിലായി കറുത്ത കുത്തുകളുമുണ്ട്. ഉദരത്തിന്റെ അടിഭാഗം കറുത്ത നിറത്തിലുള്ളതാണ്. ആണ് ചിലന്തിയുടെ നീളം നാലു മില്ലിമീറ്റര്‍ മാത്രമാണ്. പെണ് ചിലന്തിയുടെ നീണ്ട താടിയുടെ ഉള്‍ഭാഗത്തായി 14 പല്ലുകളും പുറം ഭാഗത്തായി എട്ടു പല്ലുകളുമുണ്ട്. ആറു മില്ലിമീറ്റര്‍ നീളമുള്ള പെണ് ചിലന്തിയുടെ ഉദരത്തിന്റെ മുകളില്‍ വെളുത്ത കുത്തുകളും പാര്ശ്വങ്ങളിലായി കറുത്ത വരകളുമുണ്ട്. ആണ് ചിലന്തിയുടെയും പെണ്ചിലന്തിയുടെയും ഇളം മഞ്ഞ നിറത്തിലുള്ള തലയില്‍ രണ്ടു നിരകളിലായി എട്ടു കണ്ണുകളും മധ്യത്തിലായി ഇരുണ്ട നിറത്തിലുള്ള നീണ്ട വരയുമുണ്ട്. വെള്ളം കെട്ടികിടക്കുന്ന പുല്‍മേടുകളില്‍ കാണുന്ന ഇവ പകല്‍ സമയത്തു ഇലകള്ക്കടിയില് ഒളിച്ചിരിക്കുന്നു. വട്ടത്തില്‍ വലയുണ്ടാക്കുന്ന ഇവ രാത്രിമാത്രമാണ് ഇരപിടിക്കാന്‍ പുറത്തേക്കു വരുന്നത്. ഇണചേരുന്നതിനു ശേഷം പെണ് ചിലന്തി പുല്നാമ്പുകളുടെ അടിഭാഗത്തായി മുട്ടകളിട്ട് അടയിരിക്കുന്നു. ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും സാമ്പത്തിക സഹായത്തോടെ ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഗവേഷണ വിദ്യാര്‍ഥികളായ വിഷ്ണു ഹരിദാസ്, അഞ്ജു കെ. ബേബി എന്നിവരോടൊപ്പം തൃശൂര്‍ കേരള വര്‍മ കോളജിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപികയായ ഡോ. ഉഷ ഭഗീരഥനും പങ്കാളികളായി. ഈ കണ്ടുപിടിത്തം ഈജിപ്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്രമാസികയായ സെര്‍ക്കറ്റിന്റെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.