നദികളുടെ സംരക്ഷണത്തിന് നടപടികൾ സ്വീകരിക്കും – മന്ത്രി റോഷി അഗസ്റ്റിൻ;ചാലക്കുടി പുഴയിൽ ശാസ്ത്രീയ പഠനം നടത്തും..

നദികളുടെ സംരക്ഷണത്തിന് നടപടികൾ സ്വീകരിക്കും – മന്ത്രി റോഷി അഗസ്റ്റിൻ;ചാലക്കുടി പുഴയിൽ ശാസ്ത്രീയ പഠനം നടത്തും..

ചാലക്കുടി:പ്രകൃതി ദുരന്തങ്ങളെ ഫല പ്രദമായി നേരിടുന്നതിനുള്ള ഏറ്റവും നല്ല മാർഗം നമ്മുടെ ജല സ്രോതസ്സുകളും ജലനിർഗമന സ്രോതസ്സുകളും ഏറ്റവും ഭംഗിയായി സൂക്ഷിക്കുക എന്നതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വരുന്ന ഇരുപത് വർഷങ്ങൾക്ക് ശേഷം കടൽ വെളളം ശുദ്ധീകരിച്ച് കുടിവെള്ളം ആയി ഉപയോഗിക്കേണ്ട ഒരു കാലഘട്ടത്തിലേക്കാണ് നമ്മൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂഗർഭജലം താഴ്‌ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ കൃഷി, ആവാസവ്യവസ്ഥ, പരിസ്ഥിതി എന്നിവ സംരക്ഷിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ചാലക്കുടി പുഴക്കൊരു റിവർ ആക്ഷൻ പ്ലാൻ സെമിനാർ’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാനത്തെ 44 നദികളെക്കുറിച്ചും സമഗ്ര പഠനം നടത്തി റിപ്പോർട്ട് നൽകാൻ എക്സിക്യൂട്ടിവ് എഞ്ചിനീയർമാരെ ചുമതലപ്പെടുത്തി നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ നദികളെ സംരക്ഷിക്കുവാൻ പദ്ധതികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ചാലക്കുടി പുഴ ഉൾപ്പടെയുള്ള പുഴകളുടെ സംരക്ഷണത്തിന് രാഷ്ടീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. ഓരോ നദികളുടെയും പ്രാധാന്യം മനസ്സിലാക്കി നദി സംരക്ഷണത്തിന് നടപടികൾ സ്വീകരിക്കുകയും ഇതിനായി സർക്കാർ തലത്തിൽ മികച്ച പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.

 

ചാലക്കുടി പുഴയിൽ ശാസ്ത്രീയ പഠനം നടത്തും. കൂടാതെ വിവിധ പദ്ധതികൾക്ക് രൂപം നൽകാൻ മന്ത്രിതല ചർച്ചകളും ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെ ഉൾപെടുത്തി ജനപ്രധിനിധികളുടെയും വിവിധ വകുപ്പ് തല ചർച്ചകളും നടത്തുമെന്നും മന്ത്രി പറഞ്ഞു

 

ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, റോജി എം ജോൺ, വി ആർ സുനിൽകുമാർ , വിവിധ ജനപ്രധിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Please follow and like us: