ഇരിങ്ങാലക്കുട നഗരസഭയിൽ 41 വാർഡുകളിലായിട്ടുള്ളത് 197 അതി ദരിദ്രർ; ആധുനികവാതക ശ്മശാനത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ നഗരസഭ യോഗത്തിൽ തീരുമാനം..
ഇരിങ്ങാലക്കുട: നഗരസഭയിൽ 41 വാർഡുകളിലായിട്ടുള്ളത് 197 അതിദരിദ്രർ.വാർഡ് സഭകളുടെ അംഗീകാരം ലഭിച്ച 197 പേരുടെ അന്തിമ പട്ടിക നഗരസഭ യോഗം അംഗീകരിച്ചു.
ആധുനികവാതക ശ്മശാനങ്ങളും സീവേജ് പ്ലാൻ്റുകളും നിർമ്മിക്കുന്നതിന് നഗരസഭ പരിധിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനും യോഗം തീരുമാനിച്ചു.അനുയോജ്യമായ സ്ഥലം ഉണ്ടെങ്കിൽ, നിർമ്മാണ ചിലവ് പൂർണ്ണമായും കിഫ് ബി വഹിക്കുമെന്ന അറിയിപ്പ് വന്ന സാഹചര്യത്തിലാണിത്.വാർഡ് 32 ൽ പ്രവർത്തിക്കുന്ന ക്രിമിറ്റോറിയത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഉയർന്നിട്ടുള്ള പരാതികൾ പരിഹരിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ വാർഡ് കൗൺസിലർ അഡ്വ ജിഷ ജോബി പറഞ്ഞു. ക്രിമിറ്റോറിയത്തിൽ നിന്ന് ഉയരുന്ന പുക സംബന്ധിച്ചും അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നുണ്ടെന്നും ഇവിടേക്ക് വരുന്ന ആംബുലൻസുകളുടെ അമിത വേഗത സംബന്ധിച്ചുമാണ് പരാതി വാർഡ് സഭയിൽ ഉയർന്നതെന്ന് മെമ്പർ പറഞ്ഞു. പരാതികൾ പരിശോധിക്കാൻ ആരോഗ്യ വിഭാഗത്തിന് ചെയർപേഴ്സൻ നിർദ് ദേശം നല്കി.
സ്ത്രീശാക്തീകരണരംഗത്ത് നഗരസഭ പരാജയമാണെന്നും ജനകീയ ഹോട്ടലിൻ്റെ പ്രവർത്തനം കുടുംബശ്രീക്ക് തന്നെ എല്പിച്ച് കൊടുക്കണമെന്നും എൽ ഡിഎഫ് കൗൺസിലർ സി സി ഷിബിൻ ആവശ്യപ്പെട്ടു. കുടുംബശ്രീ അംഗങ്ങളിൽ നിന്ന് മാത്രം ഓപ്പൺ ടെണ്ടർ വിളിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സിഡിഎസുകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്കുന്നുണ്ടെന്നും ചെയർപേഴ്സൺ മറുപടി പറഞ്ഞു.നടപടികൾ സുതാര്യമായിട്ടായിരിക്കണമെന്ന് ബിജെപി അംഗം ടി കെ ഷാജു ആവശ്യപ്പെട്ടു.
നഗരസഭ പാർക്ക് തുറന്ന് കൊടുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എൽഡിഎഫ് പാർലമെൻ്ററി ലീഡർ അഡ്വ കെ ആർ വിജയ ആവശ്യപ്പെട്ടു. മൂർക്കനാട് ബണ്ട് റോഡിലൂടെ ഭാരവാഹനങ്ങൾ കടന്നു പോകുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ നസീമ കുഞ്ഞുമോൻ ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.