കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഇന്നത്തോടെ തീരാറായി;ഇനി എന്തു ചെയ്യുമെന്നറിയാതെ യുക്രൈനിലെ ബങ്കറുകളില്‍ കഴിയുന്ന മാപ്രാണം സ്വദേശി അടക്കമുള്ള വിദ്യാര്‍ഥികള്‍

കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഇന്നത്തോടെ തീരാറായി;ഇനി എന്തു ചെയ്യുമെന്നറിയാതെ യുക്രൈനിലെ ബങ്കറുകളില്‍ കഴിയുന്ന മാപ്രാണം സ്വദേശി അടക്കമുള്ള വിദ്യാര്‍ഥികള്‍

ഇരിങ്ങാലക്കുട: കരുതിയിരുന്ന ഭക്ഷണവും വെള്ളവും ഇന്നത്തോടെ തീരും. ഇനി എന്തു ചെയ്യുമെന്നറിയില്ല. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. മൂന്നു ദിവസമായി ബങ്കറില്‍ തന്നെ. പുറത്ത് ഉഗ്രസ്‌ഫോടനങ്ങള്‍ നടക്കുന്ന ശബ്ദം കേള്‍ക്കാം. യുക്രൈനിലെ ബങ്കറില്‍ കഴിയുന്ന ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി രഹന്റെ വാക്കുകളാണിത്. ഞങ്ങള്‍ 300 ഓളം വിദ്യാര്‍ഥികളാണ് ഈ ബങ്കറിലുള്ളത്. ഇതില്‍ എഴുപത് മലയാളി വിദ്യാര്‍ഥികളുണ്ട്. മൂന്നു ദിവസമായി ബങ്കറിനുള്ളില്‍ തന്നെയാണ്. പ്രാഥമിക സൗകര്യങ്ങള്‍ക്കു മാത്രമാണ് മുകളിലത്തെ നിലയിലേക്ക് കടത്തി വിടുന്നത്. സീനിയര്‍ വിദ്യാര്‍ഥികളാണ് ബങ്കറിന്റെ കവാടത്തില്‍ നിന്ന് ഇവരെ കടത്തിവിടുന്നത്. എപ്പോഴും ഉഗ്രസ്‌ഫോടനങ്ങളുടെ ശബ്ദമാണ്. ഇന്നലെ രണ്ടു തവണ വലിയ സ്‌ഫോടനങ്ങള്‍ നടന്നു. സ്‌ഫോടനത്തോടൊപ്പം ശബ്ദവും കെട്ടിടത്തിന്റെ കുലുക്കവുമാണ് ഇവരെ ഭയപ്പെടുത്തുന്നത്. റഷ്യന്‍ സൈന്യത്തിന്റെ ബോംബിംഗില്‍ സമീപത്തെ രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു. നിരത്തില്‍ നിറയെ സൈന്യത്തിന്റെ ഇരച്ചിലാണ്. രാത്രിയും പകലും ഉറക്കമില്ലാതെ കയ്യില്‍ കരുതിയ ഭക്ഷണം കഴിച്ച് പ്രാര്‍ഥനയോടെ കഴിയുകയാണ് ഇവര്‍. നാട്ടിലേക്ക് തിരികെ വരുന്നതിനെ കുറിച്ചോ, ഇനി എത്രനാള്‍ ബങ്കറിനുള്ളില്‍ കഴിയണം എന്നതിനെ കുറിച്ചോ യാതൊരു നിശ്ചയവുമില്ലാത്ത അവസ്ഥ. ഇരുട്ടു നിറഞ്ഞ ബങ്കറിനുള്ളില്‍ നിറയെ പൊടിപടലങ്ങളാണ്. മാപ്രാണം പൊറത്തിശേരി കല്ലട അമ്പലത്തിനു സമീപം വട്ടപ്പറമ്പില്‍ വിനോദിന്റെയും റിജീനയുടെയും മകനാണ് രഹന്‍. ഭക്ഷിണ യുക്രൈനിലെ കാര്‍ഖ്യൂ നാഷണന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. മൂന്നു മാസം മുമ്പ് ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് യുക്രൈനിലേക്ക് പഠനത്തിനായി പോയത്. വിദ്യാഭ്യാസ ലോണെടുത്താണ് പഠനത്തിനായി പോയത്. ജൂെൈല മാസം അവധിക്ക് നാട്ടിലെത്താമെന്ന് കരുതിയതാണ്, അപ്പോഴേക്കും യുദ്ധം വന്നു. മകന് അപകടം ഒന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലാണ് മാപ്രാണത്തെ രഹന്റെ കുടുംബം.

Please follow and like us: