ആനീസ് കൊലക്കേസിൽ രാജേന്ദ്രന് ബന്ധമില്ല എന്ന നിഗമനത്തിൽ അന്വേഷണസംഘം;വിവരം അറിയിക്കാൻ നൽകിയ ഫോൺ നമ്പറുകളിലേക്ക് വിളികളുടെ പ്രവാഹം
തൃശ്ശൂർ:കോമ്പാറ ആനീസ് കൊലക്കേസിൽ പ്രതിയെന്ന് സംശയം തോന്നിയ രാജേന്ദ്രന് കേസുമായി ബന്ധമില്ല എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുന്നു. ആനീസിനെ കൊലപ്പെടുത്തിയതിനു സമാനമായ രീതിയിൽ തിരുവനന്തപുരത്ത് നഴ്സറി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ കന്യാകുമാരി സ്വദേശിയായ രാജേന്ദ്രൻ (49) അറസ്റ്റിൽ ആയപ്പോഴാണ് ആനീസ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം രാജേന്ദ്രനെ ചോദ്യം ചെയ്തത്. എന്നാൽ രാജേന്ദ്രനിൽ നിന്നും യാതൊരു വിവരവും അന്വേഷണസംഘത്തിന് ലഭിച്ചില്ല. ഒന്നും തന്നെ വിട്ടു പറയാൻ തയ്യാറാകാത്ത പ്രകൃതക്കാരനാണ് രാജേന്ദ്രൻ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
രാജേന്ദ്രനെ ഫോട്ടോയും വിവരങ്ങളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇരിങ്ങാലക്കുടയിൽ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് വേണ്ടി പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫോണിൽ വിളിച്ച് വിവരം അറിയിക്കണം എന്നായിരുന്നു നിർദ്ദേശം. രാജേന്ദ്രൻ്റെ ചിത്രം കണ്ട് നിരവധി പേരാണ് ഫോൺ നമ്പറിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ വിളിച്ച് വിവരങ്ങൾ കൈമാറിയത്. എന്നാൽ ഇതെല്ലാം അഭ്യൂഹങ്ങളും സംശയങ്ങളും മാത്രമായിരുന്നുവെന്നും ശരിയായ ഒരു വിവരവും ആരിൽനിന്നും ലഭിച്ചില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോഴും ധാരാളം പേർ രാജേന്ദ്രന്റെ വിവരങ്ങൾ കൈമാറി കൊണ്ട് വിളിക്കുന്നുണ്ട്.ആനീസ് കൊലക്കേസുമായി രാജേന്ദ്രന് ബന്ധമില്ല എന്ന തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. എങ്കിലും ഇത് സംബന്ധിച്ച് അന്വേഷണം തുടരും.രാജേന്ദ്രന്റെ ചിത്രം ഇരിങ്ങാലക്കുടയിലും പരിസരത്തും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയിരുന്നു. രാജേന്ദ്രൻ സ്വന്തം പേരിലോ വ്യാജപ്പേരിലോ ഇരിങ്ങാലക്കുടയിലോ സമീപപ്രദേശങ്ങളിലോ 2019 ജോലി ചെയ്തിരുന്നോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നത്. ഹോട്ടലുകളിലോ ഇറച്ചി കടകളിലോ മറ്റേതെങ്കിലും തൊഴിലുകളിലോ ഇയാൾ ഏർപ്പെട്ടിരുന്നതായി അറിയുന്നവർ പോലീസിന് വിവരം കൈമാറാൻ നിർദ്ദേശിച്ച് നൽകിയ ഫോൺ നമ്പറുകളിൽ നിരവധി പേരാണ് വിളിച്ചത്.എന്നാൽ അവർ നൽകിയ വിവരങ്ങൾ ഒന്നും തന്നെ അന്വേഷണസംഘത്തിന് ഉപകാരപ്പെടുന്ന വിധത്തിലുള്ളതായിരുന്നില്ല.
ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയുള്ള ആനീസ് കൊലക്കേസിൽ രാജേന്ദ്രൻ നിർണായക വഴിത്തിരിവ് ആകുമെന്ന് കരുതിയത് തെറ്റിയെങ്കിലും അന്വേഷണം ഊർജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2019 നവംബർ 14ന് വൈകീട്ടാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ എലുവത്തിങ്കൽ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആനി സിനെ (58) വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.