ഇരിങ്ങാലക്കുട പട്ടണത്തിലെ സ്വകാര്യ പാർക്കുകൾ സജീവം; നഗരസഭ പാർക്ക് അടഞ്ഞ് തന്നെ..
ഇരിങ്ങാലക്കുട: മഹാമാരിയെ തുടർന്നുള്ള ദീർഘകാലത്തെ ഇടവേളക്ക് ശേഷം പട്ടണത്തിലെ സ്വകാര്യ പാർക്കുകൾ സജീവമായെങ്കിലും ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള വർഷങ്ങളുടെ ചരിത്രമുള്ള റിപ്പബ്ലിക് പാർക്ക് ഇനിയും പ്രവർത്തനക്ഷമമായില്ല. കഴിഞ്ഞ രണ്ട് നഗരസഭ ഭരണസമിതികളുടെ കാലത്തായി 28 ലക്ഷം രൂപയോളം രൂപ ചിലവഴിച്ച പാർക്കിനാണ് ഈ ഗതികേട്. 1955 ലാണ് നഗരഹൃദയത്തിൽ തന്നെ ഒരു എക്കർ സ്ഥലത്ത് പാർക്ക് സ്ഥാപിച്ചത്. രണ്ട് വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ പാർക്കും. ഒരേ സമയം നൂറ് കുട്ടികൾക്ക് കളിക്കാൻ ഉള്ള സ്ഥലവും സൗകര്യവും ഉള്ള പാർക്കിൽ നവീകരണത്തിൻ്റെ ഭാഗമായി എതാനും വർഷങ്ങൾക്ക് മുമ്പ് തുരുമ്പിച്ച കളിയുപകരണങ്ങൾ മാറ്റി സ്ഥാപിച്ചിരുന്നു.എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റും.കഴിഞ്ഞ ഡിസംബറിൽ കോവിഡ് വ്യാപനം കുറഞ്ഞ സമയത്ത്, പാർക്ക് ശുചീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.പാർക്കിനുള്ളിലെ സോളാർ ലൈറ്റുകൾ പ്രവർത്തനക്ഷമമല്ലാത്തതും ശുചീകരണ പ്രവൃത്തികൾ നീളുന്നതുമാണ് പാർക്ക് തുറന്ന് കൊടുക്കാൻ നീളുന്നതിനുള്ള കാരണങ്ങളായി നഗരസഭ അധിക്യതർ പറയുന്നത് .പാർക്കിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന പ്ലാനിറ്റോറിയത്തിൻ്റെ കെട്ടിട നിർമ്മാണം നിർമ്മിതി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പൂർത്തിയായിട്ടുണ്ടെങ്കിലും മറ്റ് നടപടികളും ഉണ്ടായിട്ടില്ല.