അയൽവാസിക്കെതിരെ പരാതിയുമായി റിട്ട. കോളേജ് അധ്യാപകൻ; പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി നഗരസഭ അധികൃതരും ആരോപണവിധേയരും…

അയൽവാസിക്കെതിരെ പരാതിയുമായി റിട്ട. കോളേജ് അധ്യാപകൻ; പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി നഗരസഭ അധികൃതരും ആരോപണവിധേയരും…

ഇരിങ്ങാലക്കുട: അയൽവാസിയുടെ പ്രവൃത്തികൾ തൻ്റെ ആരോഗ്യത്തെയും ജീവിതത്തെയും അപകടരമായ തലത്തിൽ ബാധിച്ചിരിക്കുകയാണെന്ന പരാതിയുമായി റിട്ട. കോളേജ് അധ്യാപകൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗറിൽ താമസിക്കുന്ന കൊഴലിപറമ്പിൽ വീട്ടിൽ ഡോ. കെ എ സ്റ്റീഫൻസനാണ് അയൽവാസിയായ പൗലോസ് ചേറ്റുപുഴക്കാരനും കുടുംബത്തിനുമെതിരെ പരാതി ഉയർത്തിരിക്കുന്നത്. അയൽവാസിയുടെ അടുക്കളയിൽ നിന്നുള്ള എക്സ്ഹോസ്റ്റർ വമിപ്പിക്കുന്ന ചാരവും പുകയും തൻ്റെ കിടപ്പുമുറിയിലേക്കും ഹാളിലേക്കുമാണ് വന്നുചേരുന്നതെന്നും ഗായകൻ കൂടിയായ താൻ അലർജി ചുമ മൂലം ബുദ്ധിമുട്ടുകയാണെന്നും ബയോഗ്യാസ് നിർമ്മിക്കുന്നതിന് വേണ്ടി അയൽവാസി സ്ഥാപിച്ചിട്ടുള്ള കണ്ടെയ്നർ വീട്ടുമുറ്റത്തിൻ്റെ സമീപത്താണെന്നും അസഹനീയമായ ദുർഗന്ധമാണ് നേരിടേണ്ടി വരുന്നതെന്നും ക്രൈസ്റ്റ് കോളേജ് റിട്ട. അധ്യാപകൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച് നഗരസഭ അധികൃതർക്ക് പരാതികൾ 2018 മുതൽ നല്കിയിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. പുക കുഴലിൻ്റെ ഉയരം കൂട്ടി എന്ന ആരോഗ്യവിഭാഗത്തിൻ്റെ നിരീക്ഷണം തെറ്റാണെന്നും റിട്ട. കോളേജ് അധ്യാപകൻ പറഞ്ഞു. എന്നാൽ അധ്യാപകൻ്റെ പരാതിയിൽ നിരവധി തവണ അന്വേഷണം നടത്തിയിട്ടുള്ളതാണെന്നും പരാതിയിൽ കഴമ്പില്ലെന്നും കഴിഞ്ഞ ദിവസം അധ്യാപകനിൽ നിന്ന് വീണ്ടും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷണം നടത്തുമെന്നും നഗരസഭ അധിക്യതർ അറിയിച്ചു. വർഷങ്ങളായി തങ്ങൾ അടുപ്പ് ഉപയോഗിക്കാറില്ലെന്നും അധ്യാപകൻ്റെ പരാതി അടിസ്ഥാനരഹിതമാണെന്ന് നിരവധി തവണ വീട്ടിൽ എത്തി അന്വേഷണം നടത്തിയ നഗരസഭ ഉദ്യോഗസ്ഥർക്ക് ബോധ്യമായിട്ടുള്ളതാണെന്നും പൗലോസ് ചേറ്റുപുഴക്കാരൻ്റെ കുടുംബാംഗങ്ങളും അറിയിച്ചു.

Please follow and like us: