പുതുക്കാട് ദേശീയപാതയോരത്തെ എടിഎം കവര്‍ച്ചാ കേസില്‍ ഹരിയാന സ്വദേശികളായ രണ്ട് പ്രതികള്‍ അറസ്റ്റിൽ; പിടിയിലായത് രാജ്യത്തെ വിവിധ എടിഎമ്മുകളിൽ കവർച്ച നടത്തിയവർ.
പുതുക്കാട്: ദേശീയപാതയോരത്തെ എടിഎം കവർച്ച കേസിൽ ഹരിയാന ലോഹിന്ദ് ജില്ല സ്വദേശികളായ തൗഫീഖ് (34), വാറിദ് ഖാൻ (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിൻ്റെ നിർദ്ദേശാനുസരണം പുതുക്കാട് സി ഐ ടി എൻ ഉണ്ണിക്യഷ്ണൻ്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.പ്രതികള്‍ സഞ്ചരിച്ച ട്രയിലര്‍ ലോറിയുടെ നമ്പര്‍ ട്രാക്ക് ചെയ്തായിരുന്നു അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് 2000ത്തോളം വാഹനങ്ങള്‍ പുതുക്കാട് പോലീസ് പരിശോധിച്ചു. ഇതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ അതേ വാഹനം കുഞ്ഞനംപാറയിലുണ്ടെന്ന് ട്രാക്ക് ചെയ്തതോടെ കുഞ്ഞനംപാറ മുതല്‍ പിന്തുടര്ന്നാണ് കുതിരാനില്‍വെച്ച് വാഹനം തടഞ്ഞ് പ്രതികളെ പിടികൂടിയത്. 2018 മുതല്‍ പ്രതികള്‍ എടിഎം കവര്‍ച്ചയില്‍ സജീവമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. രാജ്യത്തെ വിവിധയിടങ്ങളില്‍ ഇവര്‍ എടിഎം കവര്‍ച്ച നടത്തിയിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ പര്‍ച്ചേസ് ആപ്പിന്റെ പാര്‍സല്‍ ലോഡ് കൊണ്ടുപോകുന്ന ലോറിയിലെ ജീവനക്കാരാണ് പ്രതികള്‍. ജോലിയുടെ മറവിലാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്. പിടിയിലായ പ്രതികളുടെ പക്കല്‍ നിന്നും പണവും 12 എടിഎം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത എടിഎം കാര്‍ഡുകളൊന്നും പ്രതികളുടെ പേരിലുള്ളതല്ല. ഇവ ഹരിയാനയിലെ പരിചയക്കാരുടേയും മറ്റും ആധാര്‍ അടക്കമുള്ള രേഖകള്‍ സംഘടിപ്പിച്ച് പ്രതികള്‍ സ്വയം നിര്‍മ്മിച്ചവയാകാമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥരായ സിദിഖ്, രാമചന്ദ്രൻ, മിഥുൻ, പ്രസന്നൻ, ശ്രീജിത്ത്, ആൻസൻ, പോൾ, സജീവൻ, ദിനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.