ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിന് മിനി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റിയുമായി ഇരിങ്ങാലക്കുട നഗരസഭ; എംസിഎഫുകൾ നിർമ്മിച്ചത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി…
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ 41 വാർഡുകളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കാൻ പദ്ധതി.2021-22 വർഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നാല് മിനി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റികൾ 20,27,34,35 വാർഡുകളിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.46 തൊഴിൽ ദിനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇവ നിർമ്മിച്ചത്. 140000 രൂപയാണ് അടങ്കൽ തുക.വാർഡ് 20 ൽ ഠാണാ കോളനിയിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ സോണിയ ഗിരി മിനി എംസിഎഫുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് – ചെയർമാൻ ടി വി ചാർലി അധ്യക്ഷനായിരുന്നു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ്കുമാർ, അംബിക പള്ളിപ്പുറത്ത്, സി സി ഷിബിൻ, ജയ്സൻ പാറേക്കാടൻ, അഡ്വ ജിഷ ജോബി, കൗൺസിലർമാരായ പി ടി ജോർജ്ജ് അൽഫോൺസ തോമസ്, സന്തോഷ് ബോബൻ, സിഡിഎസ് നമ്പർ ഒന്ന് ചെയർപേഴ്സൺ പി കെ പുഷ്പാവതി, എ ഇ വി എസ് പ്രസാദ് എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ സ്വാഗതവും സെക്രട്ടറി കെ എം മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു. കൗൺസിലർമാർ,തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.