മുപ്പത് ലക്ഷം രൂപയുടെ മാരക മയക്കുമരുന്നുമായി രണ്ട് പേർ കൊടകരയിൽ പിടിയിൽ ;പിടികൂടിയത് 60 കുപ്പി ഹാഷിഷ് ഓയിൽ…

മുപ്പത് ലക്ഷം രൂപയുടെ മാരക മയക്കുമരുന്നുമായി രണ്ട് പേർ കൊടകരയിൽ പിടിയിൽ
;പിടികൂടിയത് 60 കുപ്പി ഹാഷിഷ് ഓയിൽ…

കൊടകര: വിൽപനക്കായി കൊണ്ടുപോകുകയായിരുന്ന അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ് കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.
തൃശൂർ ചിയ്യാരം ബിസ്കറ്റ് കമ്പനിക്ക് സമീപം കോട്ടയിൽ വീട്ടിൽ അനുഗ്രഹ് (21 വയസ്) കുണ്ടോളി വീട്ടിൽ അമൽ സുരേഷ് (25 വയസ്) എന്നിവരാണ് പിടിയിലായത്.

ഏതാനും നാളുകളായി കൊടകര ടൗൺ കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗണും പരിസര പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയായിരുന്നു. ദേശീയ പാതയ്ക്ക് സമീപം വാഹന പരിശോധന നടക്കുന്നതിനിടയിൽ പോലീസ് പരിശോധന കണ്ട് തിരിച്ച് പോകാൻ ശ്രമിച്ച KL 42 L1176 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള മോട്ടോർ സൈക്കിൾ യാത്രികരെ സാഹസികമായി പിടികൂടി പരിശോധിച്ചപ്പോഴാണ് 60 കുപ്പികളിലായി നിറച്ച മുന്നൂറ് മില്ലിഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. ചില്ലറ വിപണിയിൽ ഇതിന് മുപ്പത് ലക്ഷം രൂപ വിലവരും .

ഹാഷിഷ് ഓയിൽ പിടികൂടിയ സംഘത്തിൽ കൊടകര സി.ഐ ജയേഷ് ബാലനെ കൂടാതെ സബ് ഇൻസ്പെക്ടർ ജെയ്സൺ ജെ., ജൂനിയർ സബ് ഇൻസ്പെക്ടർ അനീഷ് എം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റെജിമോൻ , സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ ബാബു,സീനിയർ സിപിഒമാരായ എം.എസ് ബൈജു , ഷാജു ചാതേലി, ബൈജു കെ.ജി, അനീഷ് പനയപ്പിള്ളി, സിവിൽ പോലീസ് ഓഫീസർ സ്മിത്ത് എന്നിവരുമുണ്ടായിരുന്നു.

ഒല്ലൂരിൽ വിദ്യാർത്ഥിനിയുമായി സഞ്ചരിക്കവേ ബൈക്കിൽ നിന്ന് വീണതിനെ തുടർന്ന് വിവാദ നായകനായ യുവാവും കൂട്ടുകാരനുമാണ് ഹാഷിഷ് ഓയിലുമായി പിടിയിലായിരിക്കുന്നത്. ഇവരെ വൈദ്യ പരിരോധനയും മറ്റും നടത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും

കൊടകര കേന്ദ്രീകരിച്ച് അറുന്നൂറ് കിലോയിലധികം കഞ്ചാവ്, പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ, ആറ് ലിറ്ററോളം വ്യാജ ചാരായം, മുപ്പത് ലിറ്ററോളം വ്യാജ ഇന്ത്യൻ നിർമ്മിതവിദേശ മദ്യം എന്നിവ സമീപകാലത്ത് പിടികൂടിയിരുന്നു.

Please follow and like us: