തിരുട്ടുഗ്രാമത്തിലെ തിരുടൻ കുപ്രസിദ്ധ തമിഴ് മോഷ്ടാവ് ബാഷ പരമശിവം ചാലക്കുടിയിൽ പിടിയിൽ..

തിരുട്ടുഗ്രാമത്തിലെ തിരുടൻ കുപ്രസിദ്ധ തമിഴ് മോഷ്ടാവ് ബാഷ പരമശിവം ചാലക്കുടിയിൽ പിടിയിൽ..

ചാലക്കുടി: തമിഴ്നാട് ദിണ്ഡിഗൽ ഉദുമൽ പേട്ടിൽ ജഡ്ജിയുടെ വീട് കുത്തി തുറന്ന് 22 പവൻ ആഭരണങ്ങളും മുപ്പതിനായിരത്തോളം രൂപയുടെ മൊബൈൽ ഫോണും മറ്റും മോഷണം നടത്തിയതടക്കം നാൽപത്തഞ്ചിലേറെ ഭവനഭേദന കേസുകളിൽ പ്രതിയും നിരവധി മോഷണകേസുകളിൽ തമിഴ് നാട് പോലീസ് സംശയിക്കുന്നയാളുമായ തിരുനൽവേലി പനവടലിഛത്രം സ്വദേശി കാളി മുത്തുവിന്റെ മകൻ ബാഷ പരമശിവത്തെ ( 35 വയസ്) ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി തമിഴ്നാട് പോലീസിന് കൈമാറി.
തിരുട്ടുഗ്രാമമെന്ന് കുപ്രസിദ്ധിയാർജിച്ച പനവടലിഛത്രത്തെ ഏറ്റവും വലിയ കൊള്ള സംഘമാണ് ബാഷ എന്ന മാതേശ്വര തേവരുടെ നേതൃത്വത്തിലുള്ള കൊള്ള സംഘം.

കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് ഉദുമൽ പേട്ടിൽ ബാബുഖാൻ റോഡിൽ താമസിക്കുന്ന ഉദുമൽ പേട്ട് കോടതിയിലെ ജഡ്ജിയായ ആറുമുഖത്തിന്റെ വീടിന്റെ മുകൾ നിലയിൽ അർദ്ധരാത്രി കള്ളൻമാർ കയറി സ്വർണ്ണവും മറ്റും മോഷണം നടത്തിയത്. ഇവിടെ നിന്നും ലഭിച്ച വിരലടയാളം പരിശോധിച്ചപ്പോൾ പരമശിവത്തിന്റേതെന്ന് കണ്ടെത്തുകയായിരുന്നു. ഇതു കൂടാതെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തൂർ പേട്ടയിൽ വ്യാപാരിയുടെ വീട്ടിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. ഇവിടെ നിന്നും അറുപത്തെട്ട് പവനോളം സ്വർണ്ണവും മുപ്പത്‌ ലക്ഷംരൂപയും മോഷണം പോയി. ഇവിടെ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും പരമശിവത്തിനെയും മറ്റുംപറ്റി വിവരം ലഭിച്ചിരുന്നു. കൂടാതെ കോയമ്പത്തൂർ ഈറോഡ് സേലം ദിണ്ഡിഗൽ തുടങ്ങിയ ജില്ലകളിൽ അരങ്ങേറിയ നിരവധി മോഷണ കേസുകളിൽ ഇവർക്ക് പങ്കുള്ളതായി തമിഴ്നാട് പോലീസ് കേരള പോലീസിന് വിവരം നൽകിയിരുന്നു.

ചാലക്കുടി കെഎസ്ഇബി റോഡിൽ സംശയാസ്പദമായ രീതിയിൽ കണ്ട പരമശിവത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മാനസികനില തെറ്റിയ ആളെ പോലെ പെരുമാറിയെങ്കിലും ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊടിയ ക്രിമിനലാണ് പിടിയിലായത് എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തമിഴ് നാട് പോലീസിനെ വിവരമറിയിച്ച് വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, എസ്ഐ പ്രതാപൻ , എഎസ്ഐമാരായ ഷിബു , സതീശൻ , സീനിയർ സിപിഒമാരായ പ്രശാന്ത്, രൂപേഷ്, സലീഷ് ഡിവൈഎസ്പിയുടെ കീഴിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പരമശിവത്തെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് ഒളിവിൽ കഴിയുന്ന കൊടും കുറ്റവാളിയെന്ന് കണ്ടെത്തിയത്.

പരമശിവത്തിന്റെ മൂത്ത സഹോദരൻ അയ്യപ്പൻ ഇരുപത്തിനാല് മോഷണ കേസുകളിൽ പ്രതിയാണ്. അയ്യപ്പനെ പിടികൂടാൻ ശ്രമിച്ച പോലീസുകാരനെ കത്തിക് കുത്തി മാരകമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയിരിക്കുകയാണെന്നും ഇളയ സഹോദരൻ ദുരൈപാണ്ടി മുപ്പതിലേറെ മോഷണ കേസുകളിൽ പ്രതിയാണെന്നും ഉദുമൽപേട്ട് സബ് ഇൻസ്പെക്ടർ മണികണ്ഠൻ ചാലക്കുടി പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇവരേയും കണ്ടെത്തി പിടികൂടാനുള്ള സംയുക്ത നീക്കത്തിലാണ് കേരള – തമിഴ്നാട് പോലീസ് എന്നറിയുന്നു.

Please follow and like us: