വാർഡിലെ കുടിവെള്ള വിഷയം സംസാരിക്കാൻ എത്തിയ തന്നെ ചെയർപേഴ്സൺ പരിഹസിച്ചുവെന്ന ബിജെപി കൗൺസിലറുടെ വെളിപ്പെടുത്തലിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം;ബിജെപി മെമ്പർ കളവ് പറയുകയാണെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ തന്നെ ആക്ഷേപിച്ചുവെന്നും മാപ്പ് പറയണമെന്ന ആവശ്യവുമായി ചെയർപേഴ്സൺ…

വാർഡിലെ കുടിവെള്ള വിഷയം സംസാരിക്കാൻ എത്തിയ തന്നെ ചെയർപേഴ്സൺ പരിഹസിച്ചുവെന്ന ബിജെപി കൗൺസിലറുടെ വെളിപ്പെടുത്തലിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം;ബിജെപി മെമ്പർ കളവ് പറയുകയാണെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ തന്നെ ആക്ഷേപിച്ചുവെന്നും മാപ്പ് പറയണമെന്ന ആവശ്യവുമായി ചെയർപേഴ്സൺ…

ഇരിങ്ങാലക്കുട: വാർഡിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാൻ എത്തിയ തന്നെ ചെയർപേഴ്സൺ പരിഹസിച്ചുവെന്ന ബിജെപി കൗൺസിലറുടെ വെളിപ്പെടുത്തലിനെ ചൊല്ലി നഗരസഭ യോഗത്തിൽ ബഹളം. കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് ചെയർപേഴ്സൻ്റെ ചേംബറിൽ എത്തി കുടിവെള്ള പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ എത്തിയ തന്നെ സമരം ചെയ്യാൻ നടക്കുകയല്ലേയെന്ന് ആക്ഷേപിച്ച് വൈരാഗ്യത്തോടെ പെരുമാറിയതായി നഗരസഭ യോഗത്തിൽ വച്ച് വാർഡ് 34 ലെ കൗൺസിലർ വിജയകുമാരി അനിലൻ പറഞ്ഞു.സംഭവത്തിന് ഭരണകക്ഷി കൗൺസിലർമാർ സാക്ഷിയാണെന്നും അവർ പറഞ്ഞു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ബിജെപി കൗൺസിലർ കളവ് പറയുകയാണെന്നും ചെയർപേഴ്സൺ പറഞ്ഞു.പ്രതിഷേധവുമായി മറ്റ് ബിജെപി കൗൺസിലർമാർ എഴുന്നേറ്റതോടെ വാർഡ് 22 ലെ അംഗൻവാടി കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ കളവ് പറഞ്ഞ് സമരം നടത്തിയതായി ചെയർപേഴ്സൺ ആരോപിച്ചു. മൈക്ക് ഉള്ളത് കൊണ്ട് വായിൽ തോന്നിയത് കൊണ്ട് വിളിച്ച് പറയാമെന്ന് ചെയർപേഴ്സൺ കരുതരുതെന്ന് സന്തോഷ് ബോബൻ പറഞ്ഞു.പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങിയപ്പോൾ, ബിജെപി മെമ്പർ സന്തോഷ് ബോബൻ തന്നെ ആക്ഷേപിച്ചുവെന്നും മെമ്പർ മാപ്പ് പറയണമെന്നും ചെയർപേഴ്സൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും തർക്കങ്ങൾക്കിടയിൽ ബിജെപി മെമ്പറെ സസ്പെൻ്റ് ചെയ്യുമെന്നും തൻ്റെ തലയിൽ കയറാൻ ആരെയും അനുവദിക്കില്ലെന്നും ചെയർപേഴ്സൻ മുന്നറിയിപ്പ് നല്കി.എന്നാൽ ചെയർപേഴ്സൺ നുണ പറയുകയാണെന്ന് ബിജെപി കൗൺസിലർമാർ ആവർത്തിച്ചു.
വാർഡ് 12 ൽ ലെ വാർഡ് സഭ ഇത് വരെ ചേരാത്തത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എഴുതിയത് ശരിയായില്ലെന്നും വാർഡ് സഭ നടത്താഞ്ഞത് പോരായ്മയാണെന്ന് അംഗീകരിക്കുന്നതായും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ നേരത്തെ പറഞ്ഞു. എന്നാൽ വാർഡ് കൗൺസിലറെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് നഗരസഭ ഉദ്യോഗസ്ഥൻ തൻ്റെ ശ്രദ്ധയിൽ പെടുത്തിയെന്നും വാർഡ് സഭ ക്യത്യമായി ചേർന്നില്ലെങ്കിൽ വാർഡ് നിവാസികൾക്ക് തന്നെയാണ് നഷ്ടമെന്നും വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട പട്ടിക സമർപ്പിക്കുന്നതിൽ കാലതാമസം നേരിട്ടതായും കൗൺസിലറർമാരുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പറയാനുള്ള അധികാരം തനിക്കുണ്ടെന്നും സെക്രട്ടറി പിന്നീട് നടന്ന ചർച്ചയിൽ പറഞ്ഞു. എന്നാൽ തൻ്റെ നമ്പർ സെക്രട്ടറി ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് പന്ത്രണ്ടാം വാർഡ് കൗൺസിലർ മാർട്ടിൻ ആലേങ്ങാടൻ പറഞ്ഞു.വാർഡ് സഭ വിളിക്കാത്തത് ഗൗരവമായ വിഷയമാണെന്നും സഭ വിളിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഭരണകക്ഷി അംഗം എം ആർ ഷാജു ആവശ്യപ്പെട്ടു.
താൻ പറയുന്നത് ശ്രദ്ധിക്കാതെ ചില ഭരണകക്ഷി അംഗങ്ങൾ കളിയാക്കുന്ന തലത്തിൽ യോഗത്തിൽ സംസാരിച്ചിരിക്കുകയാണെന്ന എൽഡിഎഫ് അംഗവും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ അംബിക പള്ളിപ്പുറത്ത് ക്ഷുഭിതയായി പ്രതികരിച്ചതിനെ ചൊല്ലിയും യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ എറ്റ്മുട്ടി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനെ അവഹേളിക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് പ്രതിപക്ഷ മെമ്പർ അഡ്വ ജിഷ ജോബിയും ആവശ്യപ്പെട്ടു.താൻ സംസാരിക്കുമ്പോഴും അംഗങ്ങൾ ഇവ പാലിക്കണമെന്ന് ചെയർപേഴ്സൺ പറഞ്ഞു.ചെയർപേഴ്സൻ്റെ സംസാരരീതി ശരിയല്ലെന്നും ഭരണകക്ഷി അംഗങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും പ്രതിപക്ഷ അംഗം സി സി ഷിബിൻ ആവശ്യപ്പെട്ടു. എങ്ങനെ സംസാരിക്കണമെന്ന് തനിക്ക് അറിയാമെന്ന് ചെയർപേഴ്സൺ മറുപടി നല്കി.
ആധുനിക രീതിയിലുളള ടൗൺ ഹാൾ കോംപ്ലക്സ് നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം യോഗത്തിൽ അവതരിപ്പിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: