ഇരിങ്ങാലക്കുടയിലും ” കാല് കഴുകിച്ചൂട്ട്” വിവാദം; വെള്ളാനി ക്ഷേത്രത്തിലെ ചടങ്ങ് ഉപേക്ഷിക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു;പ്രതിഷേധവുമായി ഡിവൈഎഫ്ഐ യും പട്ടികജാതി ക്ഷേമസമിതിയും; ചടങ്ങ് ഒഴിവാക്കിയതായി അറിയിച്ച് ക്ഷേത്രം ഉപദേശകസമിതി…

ഇരിങ്ങാലക്കുടയിലും ” കാല് കഴുകിച്ചൂട്ട്” വിവാദം; വെള്ളാനി ക്ഷേത്രത്തിലെ ചടങ്ങ് ഉപേക്ഷിക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു;പ്രതിഷേധവുമായി ഡിവൈഎഫ്ഐ യും പട്ടികജാതി ക്ഷേമസമിതിയും; ചടങ്ങ് ഒഴിവാക്കിയതായി അറിയിച്ച് ക്ഷേത്രം ഉപദേശകസമിതി…

ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ വെള്ളാനി ഞാലിക്കുളം മഹാദേവക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും പ്രതിഷ്ഠാചടങ്ങുകളുടെയും ഭാഗമായി നടത്താനിരുന്ന ” കാല് കഴുകിച്ചൂട്ട് ” ചടങ്ങ് ഒഴിവാക്കി. ഫെബ്രുവരി 7 മുതൽ 11 വരെ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി 11 ന് പുലർച്ചെയാണ് ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ വാക്കാലുള്ള നിർദ്ദേശപ്രകാരം ചടങ്ങ് ഒഴിവാക്കിയതായി ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട് അരവിന്ദാക്ഷൻ കുന്നത്ത് ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. ചടങ്ങുകളുടെ നോട്ടീസിൽ ” കാല് കഴുകിച്ചൂട്ട് ” ഇടം പിടിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ബുധനാഴ്ച മുതൽ തന്നെ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു.ചടങ്ങ് ചാതുർവർണ്യത്തെ വീണ്ടും ആനയിക്കലാണെന്നും ഉപേക്ഷിക്കണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രിയും എംഎൽഎ യുമായ ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടിരുന്നു. ബ്രാഹ്മണാധിപത്യത്തെ സ്ഥാപിക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്ന് ഡിവൈഎഫ്ഐയും പട്ടികജാതി ക്ഷേമസമിതിയും വ്യക്തമാക്കിയിരുന്നു.ചടങ്ങ് ഒഴിവാക്കിയതായുള്ള അറിയിപ്പ് ക്ഷേത്രത്തിൽ പതിച്ചിട്ടുണ്ട്. പരിപാടികളുടെ നോട്ടീസ് നേരത്തെ തന്നെ അടിച്ചതാണെന്നും ക്ഷേത്രം തന്ത്രിയുടെ നിർദേശപ്രകാരമാണ് ” കാല് കഴുകിച്ചൂട്ട് ” ഉൾപ്പെടുത്തിയിരുന്നതെന്നും സമിതി പ്രസിഡണ്ട് സൂചിപ്പിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ കീഴിലുള്ളതാണ് ക്ഷേത്രം. അഷ്ടമംഗലവിധി പ്രകാരമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. വിവാദങ്ങളെ തുടർന്ന് കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവക്യഷ്ണപുരം ക്ഷേത്രത്തിൽ നടത്താനിരുന്ന കാല് കഴുകിച്ചൂട്ട് ചടങ്ങ് മാറ്റി വച്ചിരുന്നു.

Please follow and like us: