പൂമംഗലം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കേരള സര്‍ക്കാരിന്റെ കായകല്‍പ്പ് അവാര്‍ഡ്
ഇരിങ്ങാലക്കുട:പൂമംഗലം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കേരള സര്‍ക്കാരിന്റെ കായകല്‍പ്പ് അവാര്‍ഡ്. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി മെച്ചപ്പെട്ട നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും അവാര്‍ഡ് തുക ലഭിക്കുന്നതാണ്. ഇതില്‍ പൂമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം 96.7 ശതമാനം മാർക്ക് നേടിയിട്ടുണ്ട്. മൂന്നു ഡോക്ടര്‍മാരും നാല് സ്റ്റാഫ് നേഴ്സുമാരുമടക്കം 27 ജീവനക്കാരാണ് ഇവിടെയുള്ളത്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും മികച്ച രീതിയിലുള്ള രോഗീ സൗഹൃദ അന്തരീക്ഷവും മാലിന്യ സംസ്കരണ സംവിധാനങ്ങളുമാണ് അംഗീകാരം നേടികൊടുത്തത്. പഞ്ചായത്തില്‍ 100 ശതമാനം പേരും ഒന്നാം ഘട്ട ഡോസ് കോവിഡ് വാക്സിനേഷനും 90 ശതമാനം പേരും രണ്ടാം ഘട്ട കോവിഡ് വാക്സിനേഷനും പൂര്ത്തീകരിച്ചീട്ടുണ്ട്. എം ശിവരഞ്ജിനി ഹെല്‍ത്ത് ഇന്‍സ്പെക്ടറും പി ആര് ജിനേഷ്, എ.ജി ഷാജു എന്നിവര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുമാണ്.