കാട്ടാന ആക്രമണം: ശാശ്വത പരിഹാരം കാണുമെന്ന് ജില്ലാ കലക്ടർ
ചാലക്കുടി: അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ചുവയസുകാരി
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ
ശാശ്വത പരിഹാരം ഉറപ്പ് നൽകി ജില്ലാ കലക്ടർ ഹരിത വി കുമാർ. സംഭവത്തിന് പിന്നാലെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച നാട്ടുകാരുമായി സംസാരിക്കുകയായിരുന്നു കലക്ടർ. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതിനൊപ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും കലക്ടർ ഉറപ്പ് നൽകി.
കുട്ടിയുടെ മൃതദേഹം കൊണ്ട് പോകാൻ വഴി ഒരുക്കണമെന്നും റോഡ് ഉപരോധം അവസാനിപ്പിക്കണമെന്നും കലക്ടർ നാട്ടുകാരോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. മന്ത്രിമാർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും വേണ്ട നടപടികളെടുക്കുമെന്നും കലക്ടർ അറിയിച്ചു. പ്രദേശവാസികളുടെ ആവശ്യങ്ങൾ കലക്ടർ നേരിട്ട് കേട്ടറിഞ്ഞു. വന്യമൃഗങ്ങളുടെ ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ നാട്ടുകാർ ഉന്നയിച്ചു. കലക്ടറുടെ ഉറപ്പിൻമേലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്നലെ വൈകീട്ടാണ് അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്.