ഇരിങ്ങാലക്കുട നഗരസഭ വാർഡ് 22 ൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച അംഗൻവാടി കെട്ടിടം ഇനിയും പ്രവർത്തനക്ഷമമായില്ല; പ്രതിഷേധവുമായി ബിജെപി രംഗത്ത്..
ഇരിങ്ങാലക്കുട: ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം പൂർത്തിയായ അംഗൻവാടി കെട്ടിടം പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ സമരം.നഗരസഭ വാർഡ് 22 ൽ ഗേൾസ് സ്കൂൾ കോംപൗണ്ടിലാണ് അംഗൻവാടി കെട്ടിടത്തിൻ്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്.നിലവിൽ ഗേൾസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം ആദ്യം സ്റ്റാഫ് മുറിയായും പിന്നീട് ലൈബ്രറിയായും ഉപയോഗിച്ച് വന്നിരുന്ന മുറിയിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്.കോവിഡ് സാഹചര്യത്തിൽ കുട്ടികൾ എത്തുന്നില്ലെങ്കിലും അധ്യാപികയും ഹെൽപ്പറും അംഗൻവാടിയിൽ എത്തുന്നുണ്ട്. കെട്ടിട നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ മുറി ഒഴിഞ്ഞ് കൊടുക്കണമെന്ന ആവശ്യം വിഎച്ച്എസ്ഇ വിഭാഗം ഉയർത്തിയിട്ടുണ്ട്. എന്നാൽ അംഗൻവാടി കെട്ടിടത്തിൻ്റെ മുന്നിലുള്ള ശുചി മുറി കെട്ടിടം പൊളിച്ച് നീക്കാൻ വൈകുന്നതും മുറ്റത്ത് ടൈൽ വിരിക്കുന്ന പണിയും ഗേറ്റ് ഇല്ലാത്തതും അംഗൻവാടി പ്രവർത്തനക്ഷമമാക്കാൻ വൈകുന്നതിൻ്റെ കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാണിക്കുന്നുണ്ട് .12 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം പ്രവർത്തനക്ഷമമാക്കാൻ കഴിയാത്തത് നഗരസഭ അധികൃതരുടെ വീഴ്ചയാണെന്ന് പ്രതിഷേധ സമരം നടത്തിയ ബിജെപി കുറ്റപ്പെടുത്തി.മുനിസിപ്പൽ എരിയ കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ബോബൻ ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച എരിയ പ്രസിഡണ്ട് സിന്ധു സോമൻ അധ്യക്ഷത വഹിച്ചു. ബൈജു കൃഷ്ണദാസ്, വിൻസെൻ്റ് കണ്ടംകുളത്തി, ജോസഫ് ചാക്കോ ചാലാംപാടം, കൗൺസിലർമാരായ മായ അജയൻ, അമ്പിളി ജയൻ, വിജയകുമാരി അനിലൻ, ആർച്ച അനീഷ്, സരിത സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ ശുചി മുറി പൊളിച്ച് നീക്കാനുള്ള നടപടികൾ ആയിട്ടുണ്ടെന്നും പ്രവേശനോൽസവത്തോടെ അംഗൻവാടി തുറന്ന് കൊടുക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും വാർഡ് കൗൺസിലർ ഒ എസ് അവിനാശ് അറിയിച്ചു.