നാടിൻ്റെ അഭിമാനമായി രാഹുൽ രാജന് ഡോക്ടറേറ്റ്
ഇരിങ്ങാലക്കുട: ഷണ്മുഖം കനാൽ ബെയ്സിലെ ചെറിയവീട്ടിൽ അഭിമാനത്തിൻ്റെ തിരയടികൾ . കൂലിപ്പണിക്കാരായ വൈപ്പുള്ളി രാജൻ്റെയും രമയുടെയും മകൻ ഇനി വെറും രാഹുലല്ല, ഡോ. രാഹുലാണ്. ചെന്നൈ ഐ.ഐ.ടി.യിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയാണ് രാഹുൽ രാജൻ സ്റ്റാറായത്. നന്നേ ബുദ്ധിമുട്ടിയാണ് രാഹുൽ ഓരോ പടവുകളും പിന്നിട്ടത്. ഇക്കാലയളവിൽ വീട്ടുകാരുടെയും അധ്യാപകരുടെയും പ്രോത്സാഹനമായിരുന്നു തുണയായത്.
ചെറ്റ കുടിലിലായിരുന്നു രാഹുലിൻ്റ ജനനവും ബാല്യകൗമാരങ്ങളും. മക്കളെ നല്ല രീതിയിൽ പഠിപ്പിക്കാൻ അച്ഛൻ രാജനും അമ്മ രമയും എറെ ബുദ്ധിമുട്ടി. മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിച്ച ധനസഹായത്തോടെയാണ് രാജന് താമസയോഗ്യമായ ഒരു വീട് നിർമ്മിക്കാൻ കഴിഞ്ഞത്.
ഇരിങ്ങാലക്കുട ജി.എൽ.പി.എസ്., നാഷണൽ ഹൈസ്ക്കൂൾ, ഗവ. മോഡൽ ബോയ് സ് ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദവും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയാണ് രാഹുൽ ചെന്നൈ ഐ.ഐ.ടി.യിൽ പി.എച്ച്.ഡി.ക്ക് ചേർന്നത്.
ഡോ. ബാസുദേവ് റോയിയുടെ കീഴിലാണ് രാഹുൽ ഗവേഷണം പൂർത്തിയാക്കിയത്.