ശാസ്ത്ര ലോകത്തിനു കൗതുകമായി പുതിയ ചിലന്തിയും പുതിയ തേരട്ടയും; ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന് അപൂർവ്വനേട്ടം

ശാസ്ത്ര ലോകത്തിനു കൗതുകമായി
പുതിയ ചിലന്തിയും പുതിയ തേരട്ടയും;
ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന് അപൂർവ്വനേട്ടം


ഇരിങ്ങാലക്കുട: വയനാട് വന്യജീവിസങ്കേതത്തിൽനിന്നും പുതിയ ഇനം
ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്നും പുതിയ
ഇനം തേരട്ടയേയും ക്രൈസ്റ്റ് കോളേജിലെ
ജന്തുശാസ്ത്രവിഭാഗം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
വയനാട് വന്യജീവിസങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽ നിന്നും കിട്ടിയ
പുതിയ ചിലന്തിക്ക് കാർഹോട്ട്സ് തോൽപെട്ടിയെൻസിസ് (Corrhotus
tholpettyensis) എന്ന ശാസ്ത്ര നാമമാണ് നൽകിയിരിക്കുന്നത്. പെൺ
ചിലന്തിക്ക് 6 മില്ലിമീറ്റർ നീളവും ആൺ ചിലന്തിക്ക് 5 മില്ലിമീറ്റർ
നീളവുമാണ് ഉള്ളത്. ഇരുണ്ട നിറത്തോടു കൂടിയ ആൺ-പെൺ
ചിലന്തികളുടെ ശരീരത്തിൽ വെളുത്ത നിറത്തിലുള്ള കുത്തുകളും
ശിരസ്സിലും ഉദരത്തിലും ചന്ദ്രക്കല അടയാളവും കാണാം. കണ്ണുകൾക്ക്
ചുറ്റുമായി ഓറഞ്ച് നിറത്തിലുള്ള ശല്കങ്ങളുമുണ്ട്. ചാട്ട ചിലന്തി
വിഭാഗത്തിൽ വരുന്ന ഇവ പകൽ ഇലകൾക്കിടയിൽ ഒളിച്ചിരുന്ന്
രാത്രിയാണ് ഇര പിടിക്കുന്നത്. ഇതുവരെ 287 ഇനം ചാട്ട
ചിലന്തികളെയാണ് ഇന്ത്യയിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. ജന്തു ശാസ്ത്ര
വിഭാഗം മേധാവി ഡോ. സുധികുമാർ എ. വി. യുടെ നേത്യത്വത്തിൽ
നടത്തിയ ഈ പഠനത്തിൽ തൃശൂർ വിമല കോളേജിലെ ജന്തു ശാസ്ത്ര
വിഭാഗം അധ്യാപകനായ ഡോ. സുധിൻ പി.പി,ഗവേഷണ വിദ്യാർത്ഥി
നഫിൻ കെ. എസ്,മദ്രാസ് ലയോള കോളേജിലെ ശലക ശാസ്ത്രജ്ഞനായ
ഡോ. ജോൺ കാലേബ് എന്നിവർ പങ്കാളികളായി. ഈ കണ്ടെത്തൽ
റഷ്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര മാസികയായ
ആർത്രോപോഡ സെലെക്ടയുടെ (Arthropoda Selecta) അവസാന ലക്കത്തിൽ
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ തേരട്ട വൈവിധ്യം മനസിലാക്കാനുള്ള പഠനത്തിൻറെ
ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്തൽ നടത്തിയ
പഠനത്തിലാണ് പുതിയ ഇനം തേരട്ടയെ കണ്ടെത്തിയത്. ഡെലാർത്ഥം
അനോമലൻസ് (Delarthrum anomalons) എന്ന ശാസ്ത്ര നാമം നൽകിയിരിക്കുന്ന
ഇവയുടെ ശരീരം തിളക്കമാർന്ന കരിംതവിട്ടു നിറത്തിലുള്ളതാണ്. ആൺ
തേരട്ടക്കു 17 മില്ലിമീറ്റർ നീളവും പെൺ തേരട്ടക്കു 15 മില്ലിമീറ്റർ നീളവുമാണ്
ഉള്ളത്. ശരീരത്തിന്റെ അടിഭാഗം ഇളം മഞ്ഞ നിറത്തിലാണ്. 20 ശരീര
ഖണ്ഡങ്ങളുള്ള ഇവക്കു 26 ജോഡി കാലുകളുണ്ട്. പരന്ന ശരീരമുള്ള ഇവ
ചപ്പുചവറുകൾക്കിടയിലാണ് ജീവിക്കുന്നത്. വേനൽക്കാലത്തു
മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവ മഴക്കാലത്തു മാത്രമാണ് പുറത്തേക്കു
വരുന്നത്. ആകെ 275 ഇനം തേരട്ടകളെയാണ് ഇതുവരെ ഇന്ത്യയിൽ നിന്നും
കണ്ടെത്തിയിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലെ
ജന്തുശാസ്ത്രവിഭാഗം ഗവേഷണ വിദ്യാർത്ഥിനി അശ്വതി ദാസ്, തൃശൂർ
കേരള വർമ്മ കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം അദ്ധ്യാപിക ഡോ. ഉഷ
ഭഗീരഥൻ, റഷ്യൻ അക്കാദമി ഓഫ് സയൻസ് ലെ തേരട്ട ഗവേഷകനായ ഡോ.
സെർജി ഗോളോവാച്ച് എന്നിവർ ഈ പഠനത്തിൽ പങ്കെടുത്തു. ഈ
കണ്ടെത്തൽ ലോകത്തിലെ ഒന്നാംനമ്പർ വർഗ്ഗീകരണശാസ്ത്ര
മാസികയായ സൂടാക്സയുടെ (Zootaxa) അവസാന ലക്കത്തിൽ
പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Please follow and like us: