ശ്രീനാരായണപുരം മാര്‍ക്കറ്റില്‍ ‘വഴിയിടം’ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു
കയ്പമംഗലം: ശ്രീനാരായണപുരം ഗ്രാമപഞ്ചാത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീനാരായണപുരം മാര്‍ക്കറ്റില്‍ നിര്‍മ്മിച്ച പുതിയ ടോയ്ലറ്റ് ബ്ലോക്കും, നവീകരിച്ച ടോയ്ലറ്റ് ബ്ലോക്കും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ വഴിയിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 7,50,000 രൂപയാണ് പദ്ധതിയ്ക്കായി ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്. മാര്‍ക്കറ്റിലെ വ്യാപാരികളുടെയും വ്യവസായികളുടെയും പൊതുജനങ്ങളുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ് പദ്ധതി പ്രകാരം സാക്ഷാത്കരിക്കപ്പെട്ടത്. മാര്‍ക്കറ്റിന്റെയും ശുചിമുറിയുടെയും പരിചരണത്തിനായി ക്ലിനിങ്ങ് സ്റ്റാഫിനെ താല്‍ക്കാലിക വേതനാസ്ഥാനത്തില് പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. കൂടാതെ വ്യാപാരികളുടെ നേതൃത്വത്തില്‍ കച്ചവടസ്ഥാപനങ്ങളുടെ മുന്‍വശം വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുകയും ചെടികള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്യും.
എസ്.എന്‍പുരം മാര്‍ക്കറ്റില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഎസ് മോഹനന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ എ അയൂബ്, മിനി പ്രദീപ്, പി എ നൌഷാദ്, പഞ്ചായത്ത് സെക്രട്ടറി കെ ഐ അബ്ദുള്‍ ജലീല്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഷാജി, വാര്‍ഡ് മെമ്പര്‍ ടി എസ് ശീതള്‍, വ്യാപാര പ്രതിനിധികളായ ഷീന രാജന്, എം കെ സച്ചിദാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.