കാട്ടൂർ മേഖലയിൽ ക്ഷേത്രങ്ങളിൽ നിന്ന് മോഷണം ;3 പേർ അറസ്റ്റിൽ

കാട്ടൂർ മേഖലയിൽ ക്ഷേത്രങ്ങളിൽ നിന്ന് മോഷണം ;3 പേർ അറസ്റ്റിൽ


ഇരിങ്ങാലക്കുട:കാട്ടൂർ പൊഞ്ഞനത്ത് കുടുംബക്ഷേത്രങ്ങളിൽ നിന്ന്
ദീപസ്തംഭങ്ങൾ, ഓട്ടുവിളക്കുകൾ എന്നിവ കവർന്ന പ്രതികൾ അറസ്റ്റിലായി. പൊഞ്ഞനം സ്വദേശികളായ കണ്ടനാത്തറ രാജേഷ് (50 വയസ്സ്). ഇരിങ്ങാത്തുരുത്തി സാനു (36 വയസ്സ്), വെള്ളാഞ്ചേരി വീട്ടിൽ സഹജൻ (49 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ എസ്.പി. ബിജുകുമാർ, ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ബാബു കെ.തോമസ് , കാട്ടൂർ എസ്.ഐ. വി.പി. അരിസ്റ്റോട്ടിൽ എന്നിവരുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഈ മാസം ഇരുപതിന് വ്യാഴാഴ്ച പുലർച്ചെയാണ് പൊഞ്ഞനത്ത് നീരോലി , കതിരപ്പിള്ളി കുടുംബ ക്ഷേത്രങ്ങളിൽ നിന്നായി ഒരു ലക്ഷം രൂപ മേൽ വിലമതിക്കുന്ന ദീപസ്തംഭങ്ങൾ മോഷണം പോയത്. ഈ കേസ്സിലാണ് മൂന്നുപേരും അറസ്റ്റിലായത്. ഒന്നാം പ്രതി രാജേഷും, രണ്ടാം പ്രതി സാനുവുമാണ് അമ്പലങ്ങളിൽ നിന്ന് മോഷണം നടത്തിയിരുന്നത്. സംഭവം അറിഞ്ഞ ഉടനെ അന്വേഷണം നടക്കുന്നതിനിടയിൽ ഓട്ടോ ടാക്സിയിൽ ഒരു സംഘം വിളക്കുകൾ വിൽപ്പനയ്ക്കായി നടക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ടാക്സി കണ്ടെത്തി ഡ്രൈവർ സഹജനെ ചോദ്യം ചെയ്തതോടെ മറ്റു പ്രതികളേയും പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം സംഭവം നിഷേധിച്ച പ്രതികൾ പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. മോഷണമുതലുകൾ രാജേഷിന്റെ പറമ്പിൽ പല സ്ഥലങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു. ഇവയെല്ലാം കണ്ടെടുത്തിട്ടുണ്ട്. മോഷണത്തെ തുടർന്ന് പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് മുൻ കളവു കേസ്സിലെ പ്രതികൾ, ആക്രി വിൽപ്പനക്കാരടക്കമുള്ളവരെ നിരീക്ഷിച്ച് വ്യാപകമായ അന്വേഷണമാണ് നടത്തിയത്. എസ്.ഐ. ബെനഡിക്, എ.എസ്.മാരായ ഹരിഹരൻ, പ്രസാദ്, കെ.അജയ്, സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ സീനിയർ സി.പി.ഒ. കെ.വി.ഫെബിൻ, ഇ.എസ്.ജീവൻ, സോണി സേവ്യർ, പി.വി. വികാസ്, സബരി കൃഷ്ണൻ, ഷമീർ, ജെയ്മോൻ, സതീഷ് കുമാർ, ടി.സി.പ്രതോഷ്, കിരൺരഘു എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്

Please follow and like us: