വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം; നഗരസഭയിലെ കോവിഡ് കേസുകളിൽ വീണ്ടും വർധന; ഇന്ന് സ്ഥിരീകരിച്ചത് 103 പേർക്ക്..
ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം വക വിശ്വനാഥപുരം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. കോവിഡ് വ്യാപനത്തിൻ്റെയും രോഗ സ്ഥിരീകരണ നിരക്ക് ഉയർന്നതിൻ്റെയും അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഉൽസവ -തിരുന്നാൾ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ, പോലീസ്, നഗരസഭ അധിക്യതർ ആഘോഷങ്ങൾ മാറ്റി വയ്ക്കണമെന്ന് സമാജം അധിക്യതരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജനുവരി 22, 23 തീയതികളിലായി നടക്കേണ്ട കാവടി പൂര മഹോൽസവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതായി പ്രസിഡണ്ട് വിശ്വംഭരൻ മുക്കുളം ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. നാടക മൽസരം ഒഴിവാക്കിയും കാവടികളുടെ എണ്ണം പരിമിതപ്പെടുത്തിയും ആഘോഷിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ജില്ലയിലെയും നഗരസഭ പരിധിയിലെയും കോവിഡ് വ്യാപനം രൂക്ഷമായതോടെ തീരുമാനം മാറ്റാൻ സമാജം അധിക്യതർ നിർബന്ധിതരാവുകയായിരുന്നു. ഇരിങ്ങാലക്കുട നഗരസഭയിൽ ഇന്നലെ 86 ഉം ഇന്ന് 103 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.