ഭൂമി എറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമുള്ള തുക പുനർനിർണ്ണയിച്ച് റവന്യൂ വകുപ്പ്; ഠാണാ- ചന്തക്കുന്ന് വികസനപദ്ധതിക്ക് 13 കോടി രൂപ കൂടി വേണം..
ഇരിങ്ങാലക്കുട: നിർമ്മാണോദ്ഘാടനം നടന്ന ഠാണാ- ചന്തക്കുന്ന് വികസന പദ്ധതിക്കായി 12.93 കോടി കൂടി കണ്ടെത്തേണ്ടി വരും. 32 കോടി രൂപയുടെ ഭരണാനുമതിയാണ് നേരത്തെ ലഭിച്ചതെങ്കിലും, ഭൂമി എറ്റെടുക്കാനും നഷ്ടപരിഹാരം നല്കാനുമായി 44.63 കോടി രൂപ വരുമെന്ന് റവന്യൂ വകുപ്പ് നിർണ്ണയിച്ചതോടെയാണിത്. ഇത് സംബന്ധിച്ച പുതിയ നിർദ്ദേശം റവന്യൂ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറിക്കഴിഞ്ഞു. ഭൂമി എറ്റെടുക്കുന്നത് സംബന്ധിച്ച് സ്പെഷ്യൽ തഹസിൽദാറിൻ്റെ നേത്യത്വത്തിൽ നടന്നു വന്നിരുന്ന സർവ്വേ നടപടികൾ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. സർവ്വേ നടപടികൾ പൂർത്തീകരിച്ചാൽ പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാതപഠനം, പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണം, ജില്ലാ ഭരണകൂടം നിയമിക്കുന്ന വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട്, നഷ്ടപരിഹാര നിർണ്ണയം തുടങ്ങിയ നടപടികൾ പൂർത്തീകരിച്ച് ഫണ്ട് റവന്യൂ വകുപ്പിന് കൈമാറും. ഒരു വർഷത്തിനുള്ളിൽ മേൽനടപടികൾ പൂർത്തീകരിച്ച് റോഡ് വികസന നടപടികളിലേക്ക് കടക്കാൻ കഴിയുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. എഴ് മീറ്റർ ടാറിംഗ് ഉൾപ്പെടെ 11 മീറ്റർ വീതിയുള്ള റോഡ് 17 മീറ്ററാക്കി വികസപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.