ഇരിങ്ങാലക്കുട നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷം; ഒരാഴ്ചക്കുള്ളിൽ രോഗം സ്ഥിരീകരിച്ചത് 337 പേർക്ക്;ആഘോഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ കർശന നടപടികളിലേക്ക് ഒരുങ്ങി പോലീസ്..
ഇരിങ്ങാലക്കുട: നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷം.കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 337 പേർക്ക് . ബുധനാഴ്ച 11 മുതൽ 31 വരെയുള്ള വാർഡുകളിൽ നിന്ന് മാത്രമായി 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശത്തെ അപേക്ഷിച്ച് ടൗൺ മേഖലയിൽ നിന്നാണ് കൂടുതൽ കോവിഡ് കേസുകൾ വരുന്നതെന്ന് അധികൃതർ സൂചിപ്പിക്കുന്നുണ്ട്. നഗരസഭ പരിധിയിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ജനുവരി 1 ന് 8 കേസുകൾ മാത്രമാണ് നഗരസഭ പരിധിയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. 11 ന് ഇത് 35 ആയി ഉയർന്നു. ജനുവരി 12 ന് 28 ഉം 13 ന് 26 ഉം 14 ന് 16 ഉം 15 ന് 34 ഉം 16 ന് 63 ഉം 17 നും 18 നും 56 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കരുവന്നൂർ സെൻ്റ് ജോസഫ്സ് കോൺവെൻ്റിൽ 14 അന്തേവാസികൾക്ക് ഈ കാലയളവിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗേൾസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അധ്യാപികയ്ക്കും വിദ്യാർഥിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സെൻ്റ് തോമസ് കത്തീഡ്രൽ പെരുന്നാളിന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആറ് പോലീസുകാർ രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലാണ്.നഗരസഭയിൽ അഞ്ച് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ കർശനമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ.എല്ലാ വാർഡുകളിലും ആർആർടി കമ്മിറ്റികളുടെ യോഗം വിളിച്ച് രോഗം സ്ഥിരീകരിച്ചവരുടെ നിരീക്ഷണം ഉറപ്പാക്കാൻ നഗരസഭ അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്. വരാനിരിക്കുന്ന കരുവന്നൂർ പെരുന്നാൾ, കല്ലട വേല, ഇരിങ്ങാലക്കുട ഷഷ്ഠി എന്നിവരുടെ സംഘാടകർക്ക് കർശനമായ നിർദ്ദേശം തന്നെ അധികൃതർ കൈ മാറിക്കഴിഞ്ഞു. കോവിഡ് ലംഘനങ്ങളുടെ പേരിൽ നേരത്തെ ഇരിങ്ങാലക്കുട പള്ളി പെരുന്നാൾ കമ്മിറ്റിക്കും വലിയങ്ങാടി കമ്മിറ്റിക്കുമെതിരെ പോലീസ് കേസ്സെടുത്തിരുന്നു. ആഘോഷങ്ങളുടെ പേരിൽ ഉള്ള കോവിഡ് ലംഘനങ്ങൾ കൂടുതൽ കർശനമായ നടപടി നേരിടേണ്ടി വരുമെന്ന സന്ദേശമാണ് പോലീസ് വകുപ്പ് നല്കിയിട്ടുള്ളത്.