കുഴിക്കാട്ടുശ്ശേരിയിലെ ബാറിൽ വച്ച് യുവാവിനെ അക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ…
ഇരിങ്ങാലക്കുട: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. കൊമ്പിടിഞ്ഞാമക്കൽ വരദനാട് സ്വദേശി തേവലപ്പിള്ളി വീട്ടിൽ ഡെയ്സൻ (25 വയസ്സ് ),പുത്തൻചിറ മൂരിക്കാട് സ്വദേശി പടത്തുരുത്തി വീട്ടിൽ മെബിൻ (33 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ എസ്.ഐ. കെ.എസ്. സുബിന്ത് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് കുഴിക്കാട്ടുശ്ശേരി യിലെ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നുള്ള അടിപിടിയിലാണ് വെളയനാട് സ്വദേശി രജീഷിന് തലക്ക് മാരകമായി മുറിവേറ്റത്. ഇയാൾ ചികിത്സയിലാണ്. സംഭവശേഷം മുങ്ങിയ പ്രതികൾക്കു വേണ്ടി ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഊർജ്ജിതമായി അന്വേഷണമാണ് നടത്തിയത്. സംഭവശേഷം എറണാകുളത്തേക്കു കടന്നെങ്കിലും രണ്ടു പ്രതികളെയും മണിക്കൂറുകൾക്കകം അന്വേഷണ സംഘം പിടികൂടി ചെവ്വാഴ്ച രാത്രി തന്നെ റിമാന്റ് ചെയ്തു. തിങ്കളാഴ്ച ബാറിൽ മദ്യത്തിന്റെ പണം കൊടുക്കുന്നത് സംബന്ധിച്ച് പരുക്കേറ്റ രജീഷും മെബിനും തമ്മിലുള്ള തർക്കത്തിൽ ഡെയ്സൻ ഇടപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് രോഷാകുലനായ ഡെവിൻ കുടി വെള്ളം വയ്ക്കുന്ന സ്റ്റീൽ ജഗ്ഗ് കൊണ്ട് രജീഷിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മെബിനും ബിയർ കുപ്പി കൊണ്ട് അടിച്ചതായും പറയുന്നു. മദ്യത്തിന് അടിമയായ പ്രതികളിൽ രണ്ടാം പ്രതി കൊടുങ്ങല്ലൂർ സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതിയാണ്. കൂടാതെ മാള സ്റ്റേഷനിലും ഇരിങ്ങാലക്കുട സ്റ്റേഷനിലും ഇയാൾക്ക് കേസുകളുണ്ട്. എസ്.ഐ രവി, ഡി.വൈ.എസ്.പി. ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ. മാരായ സതീഷ് അജിത്ത് ഇ.എസ്. ജീവൻ, സോണി സേവ്യർ , സി.പി.ഒമാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.