പുരപ്പുറ സോളാർ പ്ലാൻ്റ് പദ്ധതി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലും; പദ്ധതി പാരമ്പര്യേതര ഊർജ്ജ സാധ്യതകൾ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള സർക്കാർ നയത്തിൻ്റെ തുടർച്ചയെന്ന് മന്ത്രി ഡോ ആർ ബിന്ദു..
ഇരിങ്ങാലക്കുട: കെഎസ്ഇബിയുടെ സബ്സിഡി പദ്ധതിയായ സൗര (പുരപ്പുറ) സോളാർ പ്ലാൻ്റിന് നിയോജകമണ്ഡലത്തിൽ തുടക്കമായി. സംസ്ഥാനത്തിൻ്റെ സൗരോർജ്ജ ഉത്പാദനശേഷി 1000 മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ” സൗര ” പദ്ധതി പ്രകാരം 500 മെഗാവാട്ട് വൈദ്യുതി പുരപ്പുറം സോളാർ പ്ലാൻ്റുകൾ സ്ഥാപിച്ച് ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിയോജകമണ്ഡലത്തിൽ എടതിരിഞ്ഞി ചക്കഞ്ചാത്ത് വീട്ടിൽ സി മധുവിൻ്റെ വീട്ടിൽ പദ്ധതിയുടെ ഭാഗമായി അഞ്ച് കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാൻ്റ് നിർമ്മാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഊർജ്ജ മേഖലയിൽ പ്രധാന കാൽവയ്പ്പാണ് പുരപ്പുറ സോളാർ പ്ലാൻ്റ് പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പാരമ്പര്യേതര ഊർജ്ജ സാധ്യതകൾ കണ്ടെത്തുകയും എറ്റെടുക്കുകയും ചെയ്യണമെന്ന കാഴ്ചപ്പാടിൻ്റെ തുടർച്ചയാണ് സർക്കാർ നയം. ബോധവല്ക്കരണ പരിപാടികളിലൂടെ സാധ്യമായ എല്ലാ വീടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ അധ്യക്ഷയായിരുന്നു. കെ എസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ആശ പി എ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് മെമ്പർ സുധ ദിലീപ്, പഞ്ചായത്ത് മെമ്പർ വൽസൻ എന്നിവർ ആശംസകൾ നേർന്നു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ മായ മുകുന്ദൻ സ്വാഗതവും സൗര പദ്ധതി അസി.എഞ്ചിനീയർ സരുൺ എസ് എസ് നന്ദിയും പറഞ്ഞു.