സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു; ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെ അടച്ചിടുന്നു;നിയന്ത്രണങ്ങൾ ജനുവരി 21 മുതൽ..

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു; ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെ അടച്ചിടുന്നു;നിയന്ത്രണങ്ങൾ ജനുവരി 21 മുതൽ..

തൃശൂർ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും അടക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെയാണ് അടച്ചിടുക. 10,11,12 ക്ലാസുകൾ തുടരും.

ഈ മാസം 21 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം. അതുവരെ ഓൺലൈൻ ക്ലാസുകൾ തുടരും. വിദ്യാർഥികളുടെ കാര്യത്തിൽ രക്ഷിതാ​ക്കളുടെ ആശങ്കകൾ പരിഗണിച്ചാണ് ചെറിയ ക്ലാസുകൾ അടച്ചിട്ട് ഓൺലൈൻ പഠനം തുടരാനുള്ള തീരുമാനം.

ക്ലാസുകൾ അടച്ചിടുന്നത് ഫെബ്രുവരി രണ്ടാം വാരം തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും.

10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.രാത്രി കർഫ്യൂവോ വാരാന്ത്യ നിയന്ത്രണങ്ങളോ ഉണ്ടാകില്ല. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായാൽ അതത് സ്ഥാപനങ്ങൾ അടച്ചിടാമെന്നും മേലധികാരികൾക്ക് തീരുമാനമെടുക്കാമെന്നും അവലോകന യോഗത്തിൽ തീരുമാനമായി.

സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.

എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കണം. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്യണം. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്.

Please follow and like us: