പരസ്യകലാസ്ഥാപനത്തിൽ നിന്നും ലക്ഷങ്ങളുടെ സാധന സാമഗ്രികൾ കവർന്ന സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ ;പിടിയിലായത് പതിറ്റാണ്ടു മുൻപ് നടന്ന മുക്കുപണ്ട പണയതട്ടിപ്പിലെ വിരുതൻ…
ചാലക്കുടി: ടൗണിലെ പരസ്യകലാസ്ഥാപനത്തിൽ നിന്നും ലക്ഷങ്ങളുടെ സാധന സാമഗ്രികൾ മോഷണം പോയ സംഭവത്തിലെ പ്രതിയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. തൃശ്ശൂർ നെട്ടിശേരി കാച്ചേരി സ്വദേശിയും ഇപ്പോൾ വെള്ളിക്കുളങ്ങര വൈലാത്രയിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ മൂത്തേടത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായരാണ് (54 വയസ്) പിടിയിലായത്. പതിറ്റാണ്ട് മുമ്പ് തൃശൂർ കേന്ദ്രീകരിച്ച് നടന്ന മുക്ക്പണ്ട പണയ തട്ടിപ്പിന്റെ സൂത്രധാരനാണ് ഗോപാലകൃഷ്ണൻ നായർ. ഇതിന് ഇയാളുടെ പേരിൽ തൃശൂർ ഈസ്റ്റ്, പേരാമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.
കഴിഞ്ഞ ഡിസംബർ പതിനെട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലക്കുടി സൗത്ത് ജംഗ്ഷന് സമീപത്തെ പരസ്യകലാ സ്ഥാപനത്തിന്റെ ഹോർഡിങ്ങുകളും മറ്റും തയ്യാറാക്കാൻ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന ലോഹസാധനസാമഗ്രികൾ മോഷണം പോയിരുന്നു.
ഉടമയുടെ പരാതിയെ തുടർന്ന് കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ച പോലീസിന് ടൗണിലെ സിസിടിവിയിൽ നിന്നും ലഭിച്ച സംശയാസ്പദമായ വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവാരെന്ന് തിരിച്ചറിയാനായത്.
സംശയകരമായ രീതിയിൽ മോഷണ സമയത്ത്ചാലക്കുടിയിൽ കാണപ്പെട്ട ദോസ്ത് വാഹനത്തിന്റെ പിന്നാലെ വെള്ളിക്കുളങ്ങര വരെ ഏതാണ്ട് അൻപതിൽ പരം സിസിടിവികളുടെ ദൃശ്യങ്ങൾ പരിശോധിച്ച് പിന്തുടർന്നെത്തി വാഹനത്തിന്റെ പ്രത്യേകതകൾ വച്ച് ദിവസങ്ങൾനീണ്ട അന്വേഷണത്തിലൂടെ വാഹനം കണ്ടെത്തി ഡ്രൈവറോട് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് അന്വേഷണ സംഘം മോഷണത്തിനു പിറകിലാരാണെന്ന് കണ്ടെത്തിയത്. രാത്രി ഓട്ടം പോകാൻ വിസമ്മതിച്ച ഡ്രൈവറെ രാത്രി മാത്രമേ ഇത്തരം വസ്തുക്കൾ നീക്കം ചെയ്യാനാകു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാഹനം ഓട്ടം വിളിച്ച് കൊണ്ടു വന്നത്.
ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിനെ കൂടാതെ സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, എസ് ഐ എം.എസ് ഷാജൻ, ക്രൈം സ്ക്വാഡംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി. യു..സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ അഡിഷണൽഎസ് ഐ ഡേവിസ് സി.വി, എഎസ്ഐ സുധീഷ് ,
സീനിയർ സിപിഒ സലീഷ് കെ.ബി, വെള്ളിക്കുളങ്ങര സ്റ്റേഷനിലെ സീനിയർ സിപിഒ സിജു ടി.വി എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞ് നിരവധി ദിവസത്തെ പരിശ്രമത്തിനൊടുവിൽ ഇയാളെ പിടികൂടിയത്.
നാട്ടിലും മറ്റും വെൽഡറെന്ന ഭാവേന നടന്നിരുന്ന ഗോപാലകൃഷ്ണൻ നായർ പഴയ കേസുകളിൽ പോലീസ് ഇടക്കിടെ അന്വേഷിച്ച് വരുന്നതിനാൽ അവിടെനിന്നും മുങ്ങി വെള്ളിക്കുളങ്ങരയിൽ വന്ന് താമസമാക്കുകയായിരുന്നു. ഇവിടെ രാജൻ എന്ന പേരാണ് പറഞ്ഞിരുന്നത്. പിടികൂടി ചോദ്യം ചെയ്തപ്പോൾ അന്വേഷണ സംഘത്തിനേയും ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
അറസ്റ്റിലായ ഗോപാലകൃഷ്ണൻ നായരെ വൈദ്യ പരിശോധനയും മറ്റും നടത്തി സംഭവ സ്ഥലത്തും സാധനങ്ങൾ വിൽപന നടത്തിയ കടയിലുമെത്തിച്ച് തെളിവെടുപ്പും മറ്റും നടത്തിയ ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും.