ഇരിങ്ങാലക്കുട നഗരസഭ ഓഡിറ്റ് റിപ്പോർട്ട് ; വിമർശനങ്ങളുമായി പ്രതിപക്ഷം; അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഭരണപക്ഷം..

ഇരിങ്ങാലക്കുട നഗരസഭ ഓഡിറ്റ് റിപ്പോർട്ട് ; വിമർശനങ്ങളുമായി പ്രതിപക്ഷം; അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഭരണപക്ഷം..

ഇരിങ്ങാലക്കുട: 2018-19 വർഷത്തിലെ നഗരസഭ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ ഭരണ സമിതിക്കെതിരെ നിശിത വിമർശനവുമായി പ്രതിപക്ഷം.കഴിഞ്ഞ വർഷം ജൂലൈയിൽ വന്ന ഓഡിറ്റ് റിപ്പോർട്ട് ചർച്ചക്ക് വിധേയമാക്കുന്നത് തന്നെ മാസങ്ങൾക്ക് ശേഷമാണെന്നും വീഴ്ചയാണിതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന ഓഡിറ്റ് വിഭാഗത്തിൻ്റെ ഉത്തരവ് ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷം വിമർശിച്ചു. വസ്തു നികുതി പിരിച്ചെടുക്കുന്നതിലും മികച്ച രീതിയിൽ കെട്ടിടങ്ങൾ നിർമ്മിച്ച് വാടകയ്ക്ക് നൽകി വരുമാനം വർധിപ്പിക്കുന്നതിലും നഗരസഭ പരാജയമാണെന്ന് ബിജെപി കൗൺസിലർ സന്തോഷ് ബോബൻ കുറ്റപ്പെടുത്തി. നഗരസഭ ഓഫീസിലെ ആഭ്യന്തര സംവിധാനം പരാജയമാണെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ കുറ്റപ്പെടുത്തി. യാഥാർഥ്യ ബോധ്യത്തോടെയല്ല ബഡ്ജറ്റ് തയ്യാറാക്കുന്നതെന്നും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ പാഴായി കിടക്കുന്നതും നഗരസഭ മന്ദിരത്തിൽ ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച സോളാർ യൂണിറ്റ് മാസങ്ങളോളം പ്രവർത്തനരഹിതമായി തുടർന്നതും പല ഫയലുകളും കാണാനില്ല എന്നതടക്കമുള്ള റിപ്പോർട്ടിലെ പരാമർശങ്ങൾ അപമാനകരമാണെന്നും അഡ്വ കെ ആർ വിജയ പറഞ്ഞു. പട്ടണത്തിൽ അനധികൃതമായി ഒൻപത് മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നുവെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ ഇതിനെതിരെ കണ്ണടച്ചതാണോയെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൗൺസിലർ സി സി ഷിബിൻ പറഞ്ഞു.നഗരസഭ ഭരണ സമിതി തെറ്റുകൾ ആവർത്തിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രായോഗികമല്ലാത്ത പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും വസ്തു നികുതി നിർണ്ണയത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിക്കുന്നുണ്ടെന്നും ബിജെപി കൗൺസിലർ ടി കെ ഷാജു പറഞ്ഞു. പ്രളയത്തിൻ്റെയും കോവിഡിൻ്റെയും പശ്ചാത്തലത്തിൽ ഓഫീസ് സംവിധാനങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും വിമർശനങ്ങൾക്ക് മറുപടിയായി ചെയർപേഴ്സൺ വിശദീകരിച്ചു.യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: