കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനി മരിച്ചു.
കൊടുങ്ങല്ലൂർ: കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു.രണ്ടു പേർക്ക് പരിക്ക്. പത്തനംതിട്ട തിരുവല്ല രാഗേന്ദുവിൽ രാധാകൃഷ്ണൻ്റെ മകൾ രേഷ്മ ( 29 ) ആണ് മരിച്ചത്. സഹോദരൻ റോഷൻ(25), പിതൃസഹോദരി വിജയലക്ഷ്മി എന്നിവർക്കാണ് പരിക്ക്. ഇരുവരെയും എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ശ്രീനാരായണപുരം അഞ്ചാംപരത്തിയിലായിരുന്നു അപകടം. കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കാറും കൊല്ലൂർ മൂകാംബികയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത് . തകർന്ന കാറിൽ കുടുങ്ങി കിടന്നവരെ കൊടുങ്ങല്ലൂർ ഫയർഫോഴ്സ് യൂണിറ്റ് എത്തി ഹൈേഡ്രാളിക്ക് കട്ടർ പെയോഗിച്ച് ഡോറുകൾ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. റോഷനാണ് കാർ ഓടിച്ചിരുന്നത്. നാട്ടുകാരും, മതിലകം പൊലീസും, സാന്ത്വനം, വി കെയർ, 108 ആംബുലൻസ് സർവ്വീസുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അപകടത്തെ തുടർന്ന് ദേശീയ പാത വഴിയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടു. വാഹനങ്ങൾ ഉൾ റോഡുകളിലൂടെ പൊലീസ് തിരിച്ചു വിടുകയായിരുന്നു. മതിലകം പൊലീസ് മേൽ നടപടി സ്വീകരിച്ചു