ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായക്ക് തുണയായി ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറും നായയുടെ സംരക്ഷണം എറ്റെടുത്ത് നഗരസഭ ജീവനക്കാരിയും.
ഇരിങ്ങാലക്കുട: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായക്ക് തുണയായി നഗരസഭ കൗൺസിലറും നായയുടെ സംരക്ഷണം എറ്റെടുത്ത് നഗരസഭ ജീവനക്കാരിയും. ബസ് സ്റ്റാൻ്റ് കെട്ടിടത്തിലുള്ള എംഎൽഎ ഓഫീസിൻ്റെ മുന്നിൽ എതാനും ദിവസങ്ങൾക്ക് മുമ്പാണ് നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ നായയെ കണ്ടെത്തിയത്. സമീപത്തുള്ള കടയിലെ ജീവനക്കാർ ബിസ്ക്കറ്റും മറ്റും നല്കിയിരുന്നുവെങ്കിലും അധികം കഴിച്ചിരുന്നില്ല. സ്റ്റാൻ്റിൽ ഓരോ വണ്ടി വരുമ്പോഴും കെട്ടിടത്തിലെ അരമതിലിൽ ഉയർന്ന് നിന്ന് നായ തൻ്റെ ഉടമസ്ഥനെ തേടുകയായിരുന്നുവെന്ന് കൗൺസിലർ പറയുന്നു. തുടർന്ന് സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം എത്തിച്ച് നല്കിയ കൗൺസിലർ നഗരസഭ ജീവനക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നായയുടെ ചിത്രങ്ങൾ സഹിതം പങ്ക് വയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ നഗരസഭ റവന്യൂ വിഭാഗത്തിലെ ജീവനക്കാരി ശാലിനി നായയുടെ സംരക്ഷണം ഏറ്റെടുക്കാൻ മുന്നോട്ട് വന്നു. മൃഗസംരക്ഷകൻ കൂടിയായ ചാത്തമ്പിള്ളി ശ്രീകുമാറിൻ്റെ സഹായത്തോടെ നായയെ കൗൺസിലർ വീട്ടിലെത്തിച്ച് കുളിപ്പിച്ച് ഭക്ഷണം നല്കുകയും മൃഗാശുപത്രിയിൽ കൊണ്ട് പോയി പ്രതിരോധ കുത്തിവയ്പ്പും എടുത്ത് സർട്ടിഫിക്കറ്റുമടക്കം നഗരസഭ ഓഫീസിൽ എത്തിക്കുകയായിരുന്നു. നഗരസഭ മന്ദിരത്തിൻ്റെ മുന്നിൽ നടന്ന ചടങ്ങിൽ ചെയർപേഴ്‌സൺ സോണിയ ഗിരി നായയെ ജീവനക്കാരി ശാലിനിക്ക് കൈമാറി.ചടങ്ങിൽ കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്തു.