കൗമാരക്കാർക്കും കോവിഡ് പ്രതിരോധ വാക്സിൻ; ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആദ്യ ദിനത്തിൽ വാക്സിൻ നല്കിയത് 193 കുട്ടികൾക്ക്..
ഇരിങ്ങാലക്കുട: കൗമാരക്കാർക്കും ഇനി കോവിഡ് പ്രതിരോധ വാക്സിൻ.സംസ്ഥാനത്ത് 15-18 പ്രായക്കാർക്കുള്ള വാക്സിൻ വിതരണം തുടങ്ങി. താലൂക്ക് ആശുപത്രിയിൽ ആദ്യദിനത്തിൽ വാക്സിൻ നല്കിയത് ഓൺലൈനായി രജിസ്റ്റർ ചെയ്ത് എത്തിയ 193 കുട്ടികൾക്ക്. രാവിലെ 9 ക്ക് ആരംഭിച്ച വാക്സിൻ വിതരണം 12.30 ഓടെയാണ് പൂർത്തീകരിച്ചത്. ഡോക്ടർ അടക്കമുള്ള പത്തംഗ സംഘമാണ് താലൂക്ക് ആശുപത്രിയിൽ കുട്ടികൾക്കുള്ള വാക്സിൻ വിതരണ നടപടികൾക്ക് നേത്യത്വം നല്കുന്നത്. ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ജനറൽ, ജില്ല, താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും കുട്ടികൾക്കുള്ള വാക്സിൻ നല്കും.കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനാണ് സംസ്ഥാനത്ത് കുട്ടികൾക്ക് നല്കുന്നത്.