അമ്മന്നൂർ ഗുരുകുലം കൂടിയാട്ട മഹോത്സവത്തിൽ മണ്ഡോദരി നിർവ്വഹണം അരങ്ങേറി
ഇരിങ്ങാലക്കുട:ഗുരുകുലത്തിൻ്റെ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഞായറാഴ്ച മണ്ഡോദരി നിർവ്വഹണത്തിൻ്റെ ആദ്യഭാഗം അരങ്ങേറി .കൂടിയാട്ട സങ്കേതങ്ങളായ അനുക്രമം, സംക്ഷേപം എന്നിവയോടെ ആരംഭിച്ച അവതരണത്തിൽ ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി നടത്തുന്നതും അതിൽ ദേവന്മാരും അസുരന്മാരും ഉണ്ടാവുന്നതും തുടർന്ന് അസുരന്മാരിൽ മയൻ ഉണ്ടാകുന്നതും അഭിനയിച്ചു. പിന്നെ മയൻ ബ്രഹ്മാവിൻ്റെ അനുഗ്രഹത്തോടെ ശില്പ നിർമ്മാണത്തിൽ നിപുണനായി ദേവകൾക്ക് സഭ മണ്ഡപം ഉണ്ടാക്കി കൊടുക്കുന്നതും അതിൽ സന്തോഷിച്ച ഇന്ദ്രൻ ഹേമ എന്ന ദിവ്യ സുന്ദരിയെ മയന് വിവാഹം ചെയ്തു കൊടുക്കുന്നതുമായ കഥാഭാഗങ്ങൾ ഡോ.അപർണ്ണ നങ്ങ്യാർ മണ്ഡോദരി വേഷത്തിൽ വിസ്തരിച്ച് അഭിനയിച്ചു.
കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രാഹുൽ, എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും ആതിരാഹരിഹരൻ, ശ്രുതി, അതുല്ല്യ, അക്ഷര എന്നിവർ താളത്തിലും പങ്കെടുത്തു.