തുണിക്കടയുടെ മറവിൽ ലഹരി വിൽപന :നന്തിക്കര സ്വദേശിയായ യുവാവ് പിടിയിൽ; ഒരു മാസത്തോളമെടുത്ത രഹസ്യ നിരീക്ഷണത്തിനൊടുവിൽ പിടിച്ചെടുത്തത് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും

തുണിക്കടയുടെ മറവിൽ ലഹരി വിൽപന :നന്തിക്കര സ്വദേശിയായ യുവാവ് പിടിയിൽ; ഒരു മാസത്തോളമെടുത്ത രഹസ്യ നിരീക്ഷണത്തിനൊടുവിൽ പിടിച്ചെടുത്തത് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും

പുതുക്കാട്: തുണിക്കടയുടെ മറവിൽ വിദ്യാർത്ഥികൾക്കും മറ്റും ലഹരി വസ്തുക്കൾ വിൽപന നടത്തിവന്നിരുന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.

പുതുക്കാട് നന്തിക്കര തൈവളപ്പിൽ വീട്ടിൽ മാക്കുട്ടി എന്നറിയപ്പെടുന്ന മഹേഷ് (40 വയസ്) ആണ് പിടിയിലായത്.

ഒരുമാസം മുമ്പാണ് ജില്ലാ പോലീസ് മേധാവിക്ക് ഫോണിൽ മഹേഷിന്റെ ലഹരിവിൽപനയെപ്പറ്റിയുള്ള രഹസ്യ വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ മഹേഷിന് ലഹരി വസ്തുക്കളുടെ ഇടപാടുകൾ ഉള്ളതായി വിവരം ലഭിച്ചു. അതീവ രഹസ്യമായും മുൻ കരുതലോടും കൂടിയാണ് ഇയാൾ കഞ്ചാവും മറ്റും വിൽപന നടത്തുന്നതെന്ന് കണ്ടെത്തിയ അന്വേഷണ സംഘം രണ്ട് തവണ ഇയാളിൽ നിന്നും ലഹരി വസ്തുക്കൾ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഫോൺ വഴി മഹേഷുമായി ബന്ധം സ്ഥാപിച്ച് ലഹരി വസ്തുക്കൾ ആവശ്യപ്പെട്ടെങ്കിലും അതും ഫലം കണ്ടില്ല. തുടർന്ന് ഇയാളെ അതീവ രഹസ്യമായി പിന്തുടർന്ന പ്രത്യേകാന്വേഷണ സംഘം മുഹേഷിന്റെ കടയിലെത്തുന്ന വിദ്യാർത്ഥികളേയും യുവാക്കളേയും ദിവസങ്ങളോളം നിരീക്ഷിച്ചു നടത്തിയ നീക്കത്തിനൊടുവിൽ ലഹരി വസ്തുവാങ്ങാനെത്തിയ യുവാവിനെ രഹസ്യമായി പിന്തുടർന്നു. യുവാവിന് നൽകാനായി നന്തിക്കര പെട്രോൾ പമ്പിന് സമീപത്ത് വച്ച് തന്റെ വാഹനത്തിൽ ഒളിപ്പിച്ച കഞ്ചാവ് പൊതി എടുത്ത സമയം പാഞ്ഞെത്തിയ അന്വേഷണ സംഘം ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു.

പ്രത്യേകാന്വേഷണ സംഘത്തിൽ പുതുക്കാട് സബ് ഇൻസ്പെക്ടർ ബാബു പി.പി, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സി.എ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ശ്രീജിത് എൻ.വി , ദിനേശൻ ,ജിബി പി ബാലൻ എന്നിവരാണ് ഉണ്ടായിരുന്നത്.

കഞ്ചാവുമായി പിടിയിലായ മഹേഷിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും ഇയാൾ ലഹരി വിൽപന യുടെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാതിരുന്നതിനാൽ ഇയാളുടെ വീടും മറ്റും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ തിരച്ചിലിലാണ് വീട്ടിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവ് നൂറുഗ്രാമിനടുത്ത് തൂക്കം വരും. ആയിരത്തി അറുന്നൂറോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.

പിടിയിലായ മഹേഷിനെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും.

ഇയാൾക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകുന്നവരേയും ഇയാളുടെ സ്ഥിരം ഇടപാടുകാരെപ്പറ്റിയും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Please follow and like us: