ചാലക്കുടി നഗരസഭ സമ്പൂർണ ശുചിത്വ പദവിയിലേക്ക്; നടപ്പിലാക്കുന്നത് 3.39 കോടി രൂപയുടെ ശുചിത്വപദ്ധതികൾ..

ചാലക്കുടി നഗരസഭ സമ്പൂർണ ശുചിത്വ പദവിയിലേക്ക്; നടപ്പിലാക്കുന്നത് 3.39 കോടി രൂപയുടെ ശുചിത്വപദ്ധതികൾ..

ചാലക്കുടി: ചാലക്കുടി നഗരസഭ സമ്പൂർണ ശുചിത്വ പദവിയിലേക്ക്. ചാലക്കുടിയെ മാലിന്യ മുക്ത നഗരമായി സനീഷ് കുമാർ ജോസഫ് എം എൽ എ പ്രഖ്യാപിച്ചു. ഇതോടെ നഗര പരിധിയിലെ എല്ലായിടങ്ങളിൽ നിന്നുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിക്കാണ് തുടക്കമാകുന്നത്. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും ഇതോടെ പ്രവർത്തനം ആരംഭിച്ചു. നഗരസഭ മാലിന്യ സംഭരണ കേന്ദ്രം, ഗാർഹിക മാലിന്യ സംസ്‌ക്കരണ യൂണിറ്റുകൾ, സാനിറ്ററി നാപ്കിൻ സംസ്‌ക്കരണ യൂണിറ്റ് എന്നിവയുടെ പ്രവർത്തനത്തിലൂടെയാണ് മാലിന്യ സംസ്ക്കരണം നടപ്പിലാക്കുന്നത്. 51 അംഗങ്ങളുള്ള ഹരിത ശലഭങ്ങൾ വഴിയാണ് മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുക.

3.39 കോടി രൂപയുടെ സമ്പൂർണ ശുചിത്വ പദ്ധതികളാണ് നഗരസഭ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ഖര മാലിന്യ സംസ്‌ക്കരണ യൂണിറ്റ്, ബയോഗ്യാസ് പ്ലാന്റ്, തുമ്പൂർമുഴി സംസ്ക്കരണ യൂണിറ്റ് തുടങ്ങിയ മാലിന്യ നിർമാർജ്ജന സംവിധാനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ, വൈസ് ചെയർപേഴ്സൺ സിന്ധു ലോജു, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നിത പോൾ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ വി പോൾ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബിജു എസ് ചിറയത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം എം അനിൽ കുമാർ, പ്രതിപക്ഷ നേതാവ് സി എസ് സുരേഷ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബി എൽ ബിജിത്ത്, ഹെൽത്ത്‌ സൂപ്പർവൈസർ പോൾ തോമസ് വി തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: